കുബണൂരിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം

Mail This Article
ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രമായ കുബണൂരിൽ വീണ്ടും തീ പിടിത്തം. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പുക ഉയർന്നത്. പിന്നീട് ആളിക്കത്താൻ തുടങ്ങി. ഉപ്പളയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ അണച്ചു. ഇച്ചിലംകോട് പുഴയിൽനിന്നു വെള്ളം എത്തിച്ചാണ് തീ അണച്ചത്.കുബണൂരിൽ 2.20 ഏക്കർ സ്ഥലത്തെ മാലിന്യ കേന്ദ്രത്തിൽ 12ന് രാത്രി തീപിടിച്ചിരുന്നു.
അന്ന് 20 മണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്.പിന്നീട് ഇടയ്ക്കിടെ പുക ഉയർന്നെങ്കിലും ഉപ്പളയിൽനിന്ന് അഗ്നിശമന വിഭാഗം എത്തി വെള്ളം അടിച്ചിരുന്നു. ആദ്യത്തെ തീപിടിത്തത്തിൽ 90 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി പൊലീസിൽ നൽകിയ പരാതിയിൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.ഇന്നലെ സംസ്കരണ കേന്ദ്രത്തിന്റെ പല ഭാഗത്ത് നിന്ന് പുക ഉയർന്നതായി നാട്ടുകാർ അറിയിച്ചു. ടൺ കണക്കിനു മാലിന്യമാണു കേന്ദ്രത്തിലുള്ളത്.