അണങ്കൂർ അടിപ്പാത മേയിൽ പൂർത്തിയാക്കും
Mail This Article
അണങ്കൂർ∙നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്നു പണി തുടങ്ങിയ അണങ്കൂർ ദേശീയപാതയിലെ അടിപ്പാത മേയ് മാസത്തിൽ പൂർത്തിയാകും. നേരത്തെ 2.5 മീറ്റർ ഉയരം തീരുമാനിച്ചുവെങ്കിലും സ്കൂൾ ബസുകൾക്കു കടന്നു പോകാനുള്ള സൗകര്യത്തിൽ 3 മീറ്റർ ആയി ഉയർത്തണമെന്ന ആവശ്യവും ദേശീയപാത അതോറിറ്റി അനുവദിക്കുകയായിരുന്നു.
ഇവിടെ പ്രധാന പാത ഉൾപ്പെടെ നിർമാണവും മേയിൽ പൂർത്തിയാകും. കൂടുതൽ വലിയ വാഹനങ്ങൾക്കു കടന്നു പോകാൻ പറ്റാത്തതാണ് അണങ്കൂരിലെ അടിപ്പാത. അണങ്കൂർ അടിപ്പാത വഴി സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ബെദിര, ചാല, പെരുമ്പളക്കടവ്, പരവനടുക്കം, മേൽപറമ്പ് റോഡ് അണങ്കൂർ പഴയ റോഡ്, പച്ചക്കാട്, മീപ്പുഗുരി, നെൽക്കള തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാം.
വിദ്യാനഗർ– ഉളിയത്തടുക്ക റോഡ് ദേശീയപാത ജംക്‌ഷനിൽ 4 മീറ്റർ ഉയരമുള്ള വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുന്ന അടിപ്പാതയുടെ നിർമാണവും മേയ് മാസത്തിൽ പൂർത്തിയാക്കാനുള്ള നടപടികളിലാണ് നിർമാണ കമ്പനി അധികൃതർ. വിദ്യാനഗർ ബിസി റോഡ്– സിവിൽ സ്റ്റേഷൻ റോഡിലെ അടിപ്പാതയിലൂടെ വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നുണ്ട്.