ലോറിക്ക് പാർക്കാനല്ല ! നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്ഥലം ചരക്കുലോറികൾ കയ്യടക്കിയതായി പരാതി

Mail This Article
നീലേശ്വരം∙റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തൊരുക്കിയ പാർക്കിങ് സ്ഥലം ചരക്കുലോറികൾ കയ്യടക്കിയതായി പരാതി. മലയോര മേഖലയിൽ നിന്നെത്തി ട്രെയിനിൽ വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവരുടെ പാർക്കിങ് ആവശ്യത്തിനായാണ് കിഴക്കു ഭാഗത്ത് സൗകര്യം ഒരുക്കിയത്. നീലേശ്വരം എഫ്സിഐ ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകാനും സിമന്റ് ലോഡ് എടുക്കാനും വരുന്ന ലോറികളാണ് നിലവിൽ ഇവിടെ നിർത്തിയിടുന്നത്. ഇതോടെ ട്രെയിൻ യാത്രക്കാർക്കു വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലെന്ന സ്ഥിതിയാണ്. നീലേശ്വരം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരിൽ ഗണ്യമായ വിഭാഗം മലയോരത്തു നിന്നെത്തുന്നവരാണ്.
ഇവരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്നു സ്റ്റേഷനു കിഴക്ക് ഭാഗത്ത് പാർക്കിങ് സൗകര്യം വേണമെന്നത്. റെയിൽവേ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം റെയിൽവേ സ്റ്റേഷന് സന്ദർശിച്ചപ്പോൾ നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസി ഭാരവാഹികൾ ചെന്നു കണ്ട് ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് അര ഏക്കറോളം വരുന്ന പാർക്കിങ് സ്ഥലം അനുവദിച്ച് ഒന്നാംഘട്ടം മണ്ണിട്ടു നിറച്ച് ബലപ്പെടുത്തിയത്. രണ്ടാംഘട്ട ജോലികൾ തുടങ്ങാനിരിക്കെയാണ് ഒരുക്കിയ പാർക്കിങ് സ്ഥലം ചരക്കുലോറികൾ കയ്യടക്കിയതായി പരാതി ഉയർന്നത്.