വേറെയും പരിപാടികളുണ്ട് ! സ്കൂൾ ഗ്രൗണ്ടിൽ നിർമിച്ച ഫുട്ബോൾ ഗാലറി പൊളിച്ചു നീക്കിയില്ല; പരാതി
Mail This Article
തൃക്കരിപ്പൂർ ∙ ഫുട്ബോൾ മേളയ്ക്ക് സ്ഥാപിച്ച ഗാലറി പൊളിച്ചു നീക്കിയില്ല. ഗാലറി നീക്കാത്തത് സ്റ്റേഡിയത്തിൽ പരിപാടികൾ നടത്തുന്നതിനു തടസ്സമാകുന്നു. തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിലെ ഗാലറിയാണ് നീക്കം ചെയ്യാത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റിയും തൃക്കരിപ്പൂർ ഹിറ്റാച്ചി ക്ലബ്ബും ചേർന്നാണ് അഖില കേരള അംഗീകൃത സെവൻസ് ഫുട്ബോൾ മേള നടത്തിയത്. മേള കഴിഞ്ഞമാസം ഒടുവിൽ സമാപിച്ചു. സമാപിച്ച ഉടനെ ഗാലറി പൊളിച്ചു നീക്കണമെന്നു സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചു നീക്കിയില്ല.
പരിപാടി കഴിഞ്ഞാൽ ഒരാഴ്ചയ്ക്കകം സ്റ്റേഡിയം പൂർവ സ്ഥിതിയിൽ വിട്ടുകൊടുക്കണമെന്നാണു വ്യവസ്ഥ. കരാറുകാരോട് ഗാലറി പൊളിച്ചു നീക്കണമെന്നു ഒന്നിലേറെ തവണ നിർദേശം നൽകിയിട്ടും ഗൗനിച്ചില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. 30നു സ്റ്റേഡിയത്തിൽ 4 വിദ്യാലയങ്ങളിലെ എസ്പിസി കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡുണ്ട്. പൊലീസും കെഡറ്റുകളും രക്ഷിതാക്കളും ഉൾപ്പെടെ 600 ഓളം പേർ പങ്കെടുക്കുന്നതാണിത്. ഗാലറി നീക്കി സ്റ്റേഡിയം സജീകരിച്ചില്ലെങ്കിൽ പരിപാടി നടത്താനാവില്ല. ഗാലറി എത്രയും വേഗം നീക്കം ചെയ്യണമെന്നും സ്കൂൾ പിടിഎ ആവശ്യപ്പെട്ടു.