ADVERTISEMENT

കാസർകോട് ∙ ജനറൽ ആശുപത്രിയിൽ വൻ മാവിന്റെ ശിഖരം നെടുകെ പൊട്ടിവീണു. ഇന്നലെ രാവിലെ 8ന് നടന്ന സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ എടുത്ത മുൻകരുതൽ ഒഴിവാക്കിയത് വൻ ദുരന്തം. ആശുപത്രി ഫാർമസി സ്റ്റോറിന്റെ മേൽക്കൂര ഷീറ്റ് ഭാഗികമായി തകർന്നു. ശിഖരം ഒരു ഭാഗം ഇതിലേക്കു വീഴുകയായിരുന്നു. രോഗികളും സഹായികളും ജീവനക്കാരും ഉൾപ്പെടെ കൂട്ടം കൂടിയും അല്ലാതെയും നടന്നു പോകുകയും തണലും കാറ്റും കൊള്ളാൻ ചുറ്റും ഇരിക്കുകയും ചുറ്റുപാടും ആശുപത്രി കെട്ടിടങ്ങളും ഉള്ളതാണ് പരിസരം. നൂറിലേറെ പേർ പങ്കെടുക്കുന്ന  യോഗങ്ങൾ ഉൾപ്പെടെ ഈ മാവിൻ ചുവട്ടിൽ നടത്താറുണ്ട്. 100 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്ന മാവിന്റെ ഒരു ശിഖരം 4 വർഷം മുൻപ് മുറിച്ചത് വിവാദത്തിനു ഇടയാക്കിയിരുന്നു. ചെറുതും വലുതുമായി 15 ലേറെ ശിഖരം ഉള്ള വലിയ ശിഖരം ആണ് പൊട്ടി വീണത്.  മാവിൽ മാങ്ങയുമുണ്ട്.  

കെ.കുഞ്ഞിക്കണ്ണൻ
കെ.കുഞ്ഞിക്കണ്ണൻ

രക്ഷകനായത് സെക്യൂരിറ്റി ജീവനക്കാരന്റെ കരുതൽ
ഇന്നലെ പുലർച്ചെ 5ന് മഴ ചാറ്റൽ ഉണ്ടായിരുന്നു. കാറ്റ് ഉണ്ടായിരുന്നില്ല. രാത്രി ഡ്യൂട്ടിയിലായിരുന്നു സെക്യൂരിറ്റി ജീവനക്കാരൻ എരി‍ഞ്ഞിപ്പുഴ സ്വദേശി കെ.കുഞ്ഞിക്കണ്ണൻ ഡ്യൂട്ടി സമയം കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നതിനിടെയാണ് 7.50ന് കാക്കകളുടെ കൂട്ടക്കരച്ചി‍ൽ കേട്ടത്. വൈദ്യുതി ലൈനിൽ കാക്ക കുടുങ്ങിയോ എന്നായിരുന്നു സംശയം. മാവിൽ നിന്ന് കൂട്ടത്തോടെ കാക്ക പറന്നു പോകുന്നതു കണ്ടു. പൊട്ടൽ പോലെ ഒരു ഒച്ചയും കേട്ടു.  മാവിലേക്ക് നോക്കിയപ്പോൾ മുകളിൽ നിന്ന് താഴേക്ക് ഒന്നര മീറ്ററോളം പൊട്ടൽ പോലെ ഒരു വര കണ്ടു. ഉടൻ മറു വശത്തു നിന്നു വരികയായിരുന്ന ക്ലീനിങ് സ്റ്റാഫ്, ചുറ്റുപാടും ഉണ്ടായിരുന്നവർ എന്നിവരോടെല്ലാം മാറാൻ പറ‍ഞ്ഞു.

മാവിൽ നിന്ന് വീണ്ടും പൊട്ടൽ ശബ്ദം കേട്ടു. താഴെയുണ്ടായിരുന്ന ആശുപത്രി ആംബുലൻസും കാറും നീക്കം ചെയ്യുവാൻ ആംബുലൻസ് ഡ്രൈവർ വേണുഗോപാലനോട് ആവശ്യപ്പെട്ടു.ആംബുലൻസും കാറും നീക്കി കുഞ്ഞിക്കണ്ണനും വേണുഗോപാലനും 2 മീറ്റർ അകലെ നിന്നു നോക്കുന്നതിനിടെ  മാവിന്റെ വലിയ ശിഖരം 2 ഭാഗത്തും പൊട്ടി വീണു.ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി. ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് എ.ജമാൽ അഹമ്മദ് നേതൃത്വത്തിൽ 4 മാസം മുൻപാണ് വലിയ തണലും തണുപ്പും നൽകുന്ന മാവിനു ചുറ്റും കല്ലു കെട്ടി കോൺക്രീറ്റും പെയിന്റ് ചെയ്ത് ഇരിപ്പിട സൗകര്യവും പുൽച്ചെടികൾ വച്ചു പിടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com