ADVERTISEMENT

കാസർകോട് ∙ കൊറക്കോട് വയൽ ഭാഗത്ത് എത്തുന്ന ഡ്രെയ്നേജ് വഴി മലിനജലം ഒഴുകി വന്ന് കൃഷിയിടവും കുടിവെള്ളത്തിനാശ്രയിക്കുന്ന കിണറും മലിനമാകുന്നത് പരിഹരിക്കാൻ ട്രീറ്റ്മെന്റ് പ്ലാന്റും ലിങ്ക് റോഡും നടപ്പിലാക്കുന്നതിനു നിർദേശം.  നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, നഗരസഭ അംഗം രഞ്ജിത, നഗരസഭ സെക്രട്ടറി പി.എ.ജസ്റ്റിൻ, നഗരസഭ എൻജിനീയർ എൻ.ഡി.ദിലീഷ്, ഓവർസീയർ ഗംഗാധരൻ തുടങ്ങിയവർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ നിർദേശം. 

നഗരസഭയിലെ 19 ാം വാർഡിൽ പോകുന്ന പ്രധാന ഡ്രെയ്നേജ് ശോചനീയാവസ്ഥ, കെട്ടിക്കിടക്കുന്ന മലിനജലം, ആരോഗ്യ പ്രശ്നം സംബന്ധിച്ച് കാസർകോട് ഗവ.ഹൈസ്കൂൾ സമീപത്തെ കെ.ഗംഗാധരൻ, കൊറക്കോട് സ്വദേശി എ.വി.രാഘവൻ എന്നിവർ  നഗരസഭയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച്  സ്ഥലം നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ അധികൃതരോട് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.കാസർകോട് മാർക്കറ്റ് റോഡ് പുലിക്കുന്ന് ടൗൺ ഹാൾ ലിങ്ക് റോഡ്, 10 സെന്റ് സ്ഥലത്ത് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയാണ് പരിശോധന സംഘം മുന്നോട്ടു വയ്ക്കുന്നത്.

സ്ഥലം സൗജന്യമായി നൽകിയാൽ പ്ലാന്റ് നിർമിക്കാം. ശുചിത്വ മിഷൻ പദ്ധതിയിൽ പ്ലാന്റിന് സാമ്പത്തിക സഹായം ലഭിക്കും. ഒന്നര കിലോമീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിൽ ലിങ്ക് റോഡ് നി‍ർമിക്കാം. ഇതിനും നാട്ടുകാർ സ്ഥലം വിട്ടു കൊടുക്കണം എന്നാണ് സംഘത്തിന്റെ നിലപാട്. എല്ലാം കൂടി 3 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും പല തവണ പരാതി നൽകിയിട്ടും പരിഹാരം കിട്ടാത്തതിനെത്തുടർന്നാണ് എ.വി.രാഘവൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ ഹോട്ടൽ, ലോഡ്ജ്, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇങ്ങനെ ചെയ്ത 17 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി നടപടി എടുത്തു വരുന്നതായും കമ്മിഷൻ സിറ്റിങ്ങിൽ നഗരസഭ അധികൃതർ മറുപടി നൽകിയിരുന്നു. നഗരസഭ പ്രദേശത്തെ മലിനജല പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് നടപടിയെടുക്കുക മാത്രമാണ് ഏക പരിഹാരം. സ്ഥലം കണ്ടെത്തി സമഗ്രമായ മലിനജല പദ്ധതി നടപ്പിലാക്കുന്നതിനു ശ്രമം തുടരുന്നു എന്നാണ് നേരത്തെ നഗരസഭ അധികൃതർ കമ്മിഷനെ അറിയിച്ചിരുന്നത്.

എന്നാൽ അടുത്തിടെ നടന്ന സിറ്റിങ്ങിൽ സെക്രട്ടറിയെ വിളിപ്പിച്ചു സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.പൊതുസ്ഥാപനങ്ങൾ ഒന്നും ഇല്ലാത്ത ഒരു പ്രദേശത്ത് നാമ മാത്രമായ വീടുകളിൽ നിന്നു മാത്രം ഉള്ള മലിനജലം അവർ ആവശ്യപ്പെടാതെ തന്നെ മറ്റാരുടെയോ താൽപര്യത്തിനു വേണ്ടി 60 മീറ്റർ നീളത്തിൽ ഡ്രെയ്നേജ് മഴവെള്ളം ഒഴുകി പോകുന്ന തോട്ടിൽ നിർമിച്ചതെന്നാണ് പരാതി. 8 വർഷമായി ഒഴുകിയെത്തിയ മലിനജലം മുന്നോട്ടു പോകാതെ തെങ്ങ്, കമുക്, വാഴ, ഫല വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിനു ചുറ്റും കെട്ടിനിൽക്കുന്നു.

ശുദ്ധജലം നിറഞ്ഞു മീൻ വളർത്തിയിരുന്ന കുളം മലിനജലം നിറഞ്ഞു നശിക്കുന്നു. ദുർഗന്ധവും കൊതുകു ശല്യവും കാരണം പണിയെടുക്കാൻ തൊഴിലാളികളെ കിട്ടുന്നില്ല. 2 ഏക്കർ കൃഷിയിടം ഉണ്ടെങ്കിലും കേന്ദ്ര– സംസ്ഥാന സർക്കാർ കൃഷി വികസന  പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നില്ല. സമീപ പ്രദേശത്തെ ഭൂനിരപ്പിൽ നിന്നു 8 മീറ്ററോളം ഉയരത്തിൽ കിടക്കുന്ന വിസ്തൃതിയേറിയ മാർക്കറ്റ് പ്രദേശത്തെ മലിനജലം അവിടെ തന്നെ പിറ്റ് ലൈൻ കെട്ടി സംസ്കരിക്കാതെ 1 കിലോമീറ്ററോളം ദൂരേക്ക് തുറന്ന ഓവുചാലിൽ കൂടി കൊണ്ടു പോയി പുഴയിൽ തന്നെ തള്ളുന്നുവെന്നായിരുന്നു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com