റോഡിലെ സീബ്രാ ലൈനുകൾ മാഞ്ഞു; വലഞ്ഞ് യാത്രക്കാരും വാഹനങ്ങളും
Mail This Article
കാസർകോട് ∙ നഗരത്തിലെ പ്രധാന റോഡുകളിൽ യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനുള്ള അടയാളം കാണാത്തത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരു പോലെ ദുരിതമുണ്ടാക്കുന്നു. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഉള്ള ഭാഗത്ത് സീബ്ര ലൈൻ വരച്ചത് പലതും മാഞ്ഞു പോയി. ബസ് ഇറങ്ങി പോകേണ്ടവർക്കാണ് ഏറെ ദുരിതം ഉണ്ടാക്കുന്നത്. കുറുകെ കടക്കാൻ ഒരുങ്ങുന്ന യാത്രക്കാർക്ക് വാഹനങ്ങൾ വഴി വിട്ടു കൊടുക്കാത്തത് പലപ്പോഴും അപകടം ഉണ്ടാക്കുന്നുണ്ട്.
ദേശീയപാതയിൽ പണി പൂർത്തിയാകാത്തതിനാൽ ഏറെ ഇടങ്ങളിലും ഡ്രെയ്നേജ് സ്ലാബിനു മുകളിലൂടെയാണ് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറും ഉൾപ്പെടെ കടന്നു പോകുന്നത്. ഇത് ഈ വഴിയുള്ള കാൽനട യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്നുണ്ട്. ഹംപ് ഉള്ള ഇടങ്ങളിലും വാഹനങ്ങൾക്ക് മുന്നറിയിപ്പ് അടയാളങ്ങൾ ഇല്ലാത്തത് അപകടത്തിനിടയാക്കുന്നുണ്ട്. രാത്രി യാത്രയിൽ ഇത് കാണാൻ കഴിയുന്നില്ല.
കാസർകോട് ജനറൽ ആശുപത്രിയുടെ മുന്നിലും ചെർക്കള ടൗണിൽ ബദർ ജുമാമസ്ജിദ് പരിസരത്തും ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ വിദ്യാർഥികളും വയോജനങ്ങളും കടന്നു പോകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും അടയാളം മാർക്ക് ചെയ്യണമെന്നുമാവശ്യപ്പെട്ട് മുസ്‌ലിംലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം ആർടിഒയ്ക്കു നിവേദനം നൽകി.