പഞ്ചായത്ത് ജീവനക്കാരിയും 2 മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ
Mail This Article
ചീമേനി ∙ പഞ്ചായത്ത് ജീവനക്കാരിയെയും 2 മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്തിലെ ക്ലാർക്ക് ഞണ്ടാടി സ്വദേശിനി സജന (33), മക്കൾ ഗൗതം (8), തേജസ് (4) എന്നിവരെയാണ് ചീമേനി ചെമ്പ്രക്കാനത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചോയ്യങ്കോട് കെഎസ്ഇബി സെക്‌ഷനിലെ സബ് എൻജിനീയർ ടി.എസ്.രഞ്ജിത്തിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ഞണ്ടാടിയിലെ പാടിയിൽ നാരായണന്റെയും ജമുനയുടെയും മകളാണ് സജന. സഹോദരങ്ങൾ: സനീഷ, സനോജ്.
ഒന്നാംനിലയിലെ മുറിയിൽ നിലത്തു വിരിച്ച കിടക്കയിലായിരുന്നു കുട്ടികളുടെ മൃതദേഹം. ഇവരെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. ഒന്നാം നിലയിലെ മുറിയുടെ ടെറസിന്റെ ഭാഗത്ത് തൂങ്ങിമരിച്ച നിലയിലാണ് സജനയെ കണ്ടെത്തിയത്. പറമ്പിൽ പണിയെടുക്കുകയായിരുന്ന ഭർതൃപിതാവ് ശിവശങ്കരൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.