ആർത്തലച്ചെത്തി പെയ്തിറങ്ങി മഴ, കാറ്റ്, മിന്നൽ..

Mail This Article
കാസർകോട്∙ ആർത്തലച്ചെത്തി പെയ്തിറങ്ങിയ മൺസൂൺ മഴയ്ക്കുമുന്നിൽ പകച്ച് ജില്ല. ഇന്നലെ ഉച്ചയോടെ ചാറിത്തുടങ്ങിയ മഴ ഇരുട്ടായപ്പോഴേക്കും രൗദ്രഭാവം പൂണ്ടു. വൈകിട്ടുണ്ടായ ശക്തമായ മിന്നലിൽ നീലേശ്വരം ബങ്കളം പുതിയകണ്ടത്തിലെ കീലത്ത് ബി.ബാലൻ (70) മരിച്ചു. വീടിനോട് ചേർന്ന പറമ്പിൽ നിൽക്കവേയാണ് മിന്നലേറ്റത്. ഉദുമ ബെവൂരിയിൽ രതീഷിന്റെ വീടിനും മതിലിനും മിന്നലിൽ കേടുപാട് സംഭവിച്ചു. വീട്ടുമുറ്റത്തെ തെങ്ങ് കത്തിനശിച്ചു. പാക്യാര കുന്നിലിൽ ഷാഫിയുടെ കറവപ്പശു ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മിന്നലേറ്റ് ചത്തു. ഷാഫിയുടെ ഭാര്യ കുത്സു പശുവിനെ കറന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മിന്നലുണ്ടായത്. ഇവർ വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പശുവിനൊപ്പം കെട്ടിയിരുന്ന കിടാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.

പൈവൊളിഗ പഞ്ചായത്തിലെ കയ്യാർ ബോളംപടിയിൽ മിന്നലേറ്റ് അമ്മയ്ക്കും, വീടിന്റെ മേൽക്കൂരയിലെ ഓട് തകർന്നുവീണ് 2 മക്കൾക്കും കഴിഞ്ഞദിവസം പരുക്കേറ്റിരുന്നു. പരേതയായ സഞ്ചിവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28) സുധീർ (21) എന്നിവർക്കാണ് പരുക്കേറ്റത്.
നിർമാണം നടക്കുന്ന ചിറ്റാരിക്കാൽ–ഭീമനടി മരാമത്ത് റോഡിൽ കനത്ത മഴയിൽ ജീപ്പ് അപകടത്തിൽപെട്ടു. റോഡിൽനിന്നും തെന്നിനീങ്ങിയ വാഹനം വൈദ്യുതിത്തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും സാരമായ പരുക്കില്ല.
റോഡിന്റെ ഒരുഭാഗത്ത് പാർശ്വഭിത്തി കെട്ടുന്ന പ്രവൃത്തി നടക്കുകയാണ്. ഈ റോഡിന്റെ ഭാഗമായ ചിറ്റാരിക്കാൽ ടൗൺ റോഡും നിർമാണത്തിനായി അടച്ചിട്ടിരിക്കുകയാണ്. കനത്ത കാറ്റിൽ തൃക്കരിപ്പൂർ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം ദേവസ്വം പറമ്പിലെ അരയാൽ മരത്തിന്റെ ഒരുഭാഗം മുറിഞ്ഞുവീണു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തൊട്ടടുത്തുള്ള കരിമ്പിൽ വീട്ടിൽ ഗിരീശന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മരം വീണത്. കെട്ടിടത്തിനു ഭാഗികമായ നാശമുണ്ട്. ദേശീയപാത നവീകരണം നടക്കുന്ന പലപ്രദേശങ്ങളിലും ശക്തമായവെള്ളക്കെട്ട് ഇന്നലെ മുതൽത്തന്നെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.