കാട്ടുപന്നി ദുരിതത്തിന് വനംവകുപ്പും കൂട്ട്; ശുചിമുറിയുടെ കുഴിയിൽ വീണ പന്നിയെ വനംവകുപ്പ് പിടികൂടി കാട്ടിൽവിട്ടു

Mail This Article
കുമ്പള∙നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ നിയമം ഉണ്ടായിട്ടും വനംവകുപ്പിന്റെ ‘രക്ഷാപ്രവർത്തനം’. കുമ്പള കൊടിയമ്മയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ ശുചിമുറി കുഴിയിൽ വീണ പന്നിയെ വനംവകുപ്പ് പിടികൂടി കാട്ടിൽ തുറന്നുവിട്ടു. കൊടിയമ്മയിലെ ഇബ്രാഹിമിന്റെ വീട്ടിലെ കുഴിയിലാണ് ഇന്നലെ പുലർച്ചെ 40 കിലോയോളം ഭാരമുള്ള പന്നി വീണത്. കുഴിയുടെ ഒരു ഭാഗം മൂടിയിരുന്നില്ല. ഇതിലൂടെയാണ് പന്നി വീണത്. കരച്ചിൽകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പന്നിയെ കണ്ടത്. തുടർന്നു വനപാലകരെ വിവരം അറിയിക്കുകയും ആർആർടി സംഘം എത്തി പിടികൂടുകയും ചെയ്തു. ഇവിടെ തന്നെ തുറന്നുവിടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ എതിർത്തതോടെ മറ്റൊരിടത്ത് തുറന്നുവിടുകയായിരുന്നു.
വെടിവയ്ക്കാൻ അനുമതിയുമുണ്ട്; എന്നിട്ടും
ജനവാസമേഖലയിൽ ഇറങ്ങുന്ന പന്നികളെ വെടിവെച്ചുകൊല്ലാമെന്നാണു നിയമം. ഇതിനുള്ള അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷർക്കു നൽകി വനംവകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.ഈ ഉത്തരവിനു മുൻപു വനംവകുപ്പ് തോക്ക് ലൈസൻസുള്ളവരെ എംപാനൽ ചെയ്തു പന്നിവേട്ടയ്ക്കു നിയോഗിച്ചിരുന്നു. ഇങ്ങനെ ജില്ലയിൽ നൂറോളം പന്നികളെ കൊല്ലുകയും ചെയ്തിരുന്നു. ഒരു പന്നിയെ കൊന്നാൽ 1000 രൂപ പ്രതിഫലവും വനംവകുപ്പ് നൽകിയിരുന്നു.എന്നാൽ അധികാരം പഞ്ചായത്തുകൾക്ക് നൽകിയതോടെ ഫലത്തിൽ വനംവകുപ്പ് ഉത്തരവാദിത്തത്തിൽ നിന്നു ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ ഇക്കാര്യത്തിൽ താൽപര്യം എടുക്കുന്നുമില്ല. എൻമകജെ പോലുള്ള ചുരുക്കം പഞ്ചായത്തുകളാണ് ഇതിനു മുൻകൈ എടുത്തത്. വനംവകുപ്പ് പൂർണമായും പിൻവലിയുകയും ചെയ്തു.
പലസ്ഥലങ്ങളിലും നാട്ടിലിറങ്ങുന്ന പന്നികൾ കുഴിയിലും കിണറിലും വീഴുമ്പോൾ വനംവകുപ്പ് എത്തി കാട്ടിലേക്ക് തന്നെ തുറന്നുവിടുന്ന സ്ഥിതിയുണ്ട്. ഇത് തങ്ങളോടുള്ള ദ്രോഹമാണെന്നാണു കർഷകർ പറയുന്നത്. കാട്ടുപന്നി ശല്യം കാരണം കിഴങ്ങുവർഗങ്ങൾ, നെല്ല് മുതലായവ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങുന്ന പന്നികളെ കാട്ടിലേക്കു വിടുന്നതിനു പകരം വെടിവച്ചുകൊല്ലാൻ വനംവകുപ്പ് തയാറാകണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്. വനാതിർത്തിയില്ലാത്ത നഗരപ്രദേശങ്ങളിൽ പോലും കാട്ടുപന്നികളക്കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്.