ADVERTISEMENT

പരപ്പ ∙ ബിരിക്കുളം എയുപി സ്കൂളിൽ കോഴ വാങ്ങി അധ്യാപക നിയമനം നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട് സിപിഎം ബിരിക്കുളം ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. സിപിഎമ്മിന്റെ കീഴിലുള്ള കിനാനൂർ സെക്കന്റ് ഗ്രാമസേവാ സംഘത്തിനാണ് സ്കൂളിന്റെ നടത്തിപ്പ് ചുമതല.ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം അംഗങ്ങളും പ്രവർത്തനത്തിൽനിന്നു വിട്ടു നിൽക്കുകയാണ്. ബ്രാഞ്ച് സെക്രട്ടറിമാർ ലോക്കൽ കമ്മിറ്റിക്ക് രാജിക്കത്തും മിനുട്സും കൈമാറിയതായാണ് വിവരം. നിലവിൽ ഇവിടെ മൂന്ന് അധ്യാപക ഒഴിവുകളാണ് ഉള്ളത്. ഇതിലേക്ക് കോഴ വാങ്ങി നിയമനം നടത്താനുള്ള നീക്കമാണ് ഇപ്പോൾ വിവാദമായത്.

സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. 2017ൽ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ട് തുടർ നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നിലച്ചു. വീണ്ടും കോഴ വാങ്ങി നിയമന നടപടി ആരംഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. 5 ലോക്കൽ കമ്മിറ്റി അംഗങ്ങൾ മാത്രം പങ്കെടുത്ത യോഗത്തിലാണ് നിയമനം നടത്താൻ തീരുമാനിച്ചത്.  അതോടെ പ്രവർത്തകർ രാജി ഭീഷണി മുഴക്കുകയും ബ്രാഞ്ചുകൾ നിശ്ചലമാകുകയും ചെയ്തു. ഇതു സംബന്ധിച്ച് വിശദീകരിക്കാൻ 12 ബ്രാഞ്ച് യോഗങ്ങളും വിളിക്കാൻ നേതൃത്വം നിർദേശിച്ചെങ്കിലും കോളംകുളം ബ്രാഞ്ച് മാത്രമാണ് നടന്നത്.

ഏരിയ കമ്മിറ്റി അംഗം പങ്കെടുത്ത യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്നിലവിലുള്ള മാനേജ്മെന്റിന് കീഴിലുള്ള അധ്യാപക നിയമനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ടി.വി.വിനയചന്ദ്രൻ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകശം സംബന്ധിച്ചും നേരത്തേ തർക്കമുണ്ടായിരുന്നു .കൂടാതെ കെഇആർ മാനദണ്ഡങ്ങൾ പ്രകാരം സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഭൂമി മാനേജ്മെന്റിന്റെ പക്കലില്ലെന്ന് നേരത്തേ റവന്യു വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നുവത്രെ. 

ഇതേത്തുടർന്ന് സർക്കാർ സ്കൂൾ ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. മാത്രവുമല്ല സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനേജ്മെന്റിനോടു ചർച്ച നടത്തി 4 മാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞ മാർച്ച് 6ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ കാലാവധി തീരാൻ ഒന്നരമാസം ബാക്കിയുള്ളപ്പോഴാണ് സിപിഎമ്മിലെ ചില നേതാക്കൾ പണം വാങ്ങി നിയമനം നടത്താൻ നീക്കം നടത്തിയത്.  ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പരാതിയുമായി രംഗത്തു വന്നു. 

2014ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് ബിരിക്കുളത്തെ കോൺഗ്രസ് നേതാവ് സി.ഒ.സജി ഹൈക്കോടതിയിൽ നൽകിയ കേസിലാണ് കഴിഞ്ഞ മാർച്ച് 6ന് ഉത്തരവുണ്ടായത്. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കെ തന്നെ നിലവിലുള്ള മാനേജ്മെന്റിന്റെ കീഴിൽ തന്നെ സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതിലും നാട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. പിഎസസി റാങ്ക് പട്ടികയിൽ നിന്നോ അധ്യാപക ബാങ്കിൽ നിന്നോ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നോ മാത്രമേ നിയമനം പാടുള്ളുവെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടിട്ടും പണം വാങ്ങി നിലവിലെ 3 ഒഴിവിലേക്കും നിയമനം നടത്താനുള്ള തിരക്കിട്ട നീക്കമാണ് മാനേജ്മെന്റിന് തലവേദനയുണ്ടാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com