ADVERTISEMENT

കാസർകോട് ∙ തന്റെ ഇമേജ് കൃത്യമായി മനസ്സിലാക്കി നവീകരിച്ചും മിനുക്കിയും സ്വയം സൃഷ്ടിച്ചെടുത്ത ‘ഉണ്ണിത്താൻ ബ്രാൻഡ്’ എന്ന ഒറ്റ തേരിലേറിയാണ് കാസർകോട്ട് രണ്ടാമതും വിജയം വൻ ഭൂരിപക്ഷത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കൈപ്പിടിയിലൊതുക്കിയത്. ഉത്തര മലബാർ കണ്ടുപരിചയിച്ച പതിവു ജനപ്രതിനിധികളിൽ നിന്ന് വേറിട്ടൊരാൾ. ഹോട്ടലിൽ, കല്യാണ വീട്ടിൽ, എയിംസ് പോരാട്ടപ്പന്തലിൽ, ദേശീയപാത സമരത്തിൽ, റെയിൽവേ പ്രശ്നങ്ങളിൽ തുടങ്ങി എവിടെയും എന്തിലും രാജ്മോഹൻ ഉണ്ണിത്താൻ നിറഞ്ഞു നിന്നു. തെക്കൻ ജില്ലയിൽ നിന്ന് ഇവിടെയെത്തി 5 വർഷം കൊണ്ട് ഉണ്ണിത്താൻ കൃത്യമായ ഒരു ‘പൊളിറ്റിക്കൽ ബ്രാൻഡ്’ ആയി കാസർകോട്ട് മാറി. തെക്കൻ കേരളത്തിൽ പതിവുള്ള രാഷ്ട്രീയ ശൈലി വടക്കൻ മണ്ണിൽ വിജയക്കൊടിയേറുന്നതിന്റെ കാഴ്ച കൂടിയാണ് ഉണ്ണിത്താന്റെ വിജയം. സിപിഎം കോട്ടകൾ പിടിക്കാൻ കോൺഗ്രസ് സ്വീകരിക്കേണ്ട ശൈലീമാറ്റം ഉണ്ണിത്താൻ ഒരിക്കൽ കൂടി അടിവരയിട്ടു.

7 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും ലീഡ് നേടിയാണ് ഉണ്ണിത്താന്റെ തേരോട്ടം. ‘ഉണ്ണിത്താൻ ഫാക്ടർ’ തന്നെയാണ് ഇതിൽ‌ എടുത്തു പറയേണ്ടത്. ആദ്യം എംപിയായപ്പോൾ നൽ‌കിയ വാക്കുപാലിച്ച് ‌കാഞ്ഞങ്ങാട്ടെ അദ്ദേഹത്തിന്റെ വീട് കാസർകോട്ടുകാർക്ക് മുൻപിൽ എപ്പോഴും തുറന്നു കിടന്നു. തന്നെ കാണാനെത്തുന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. വാക്കുകൾ കൊണ്ടും പറ്റാവുന്ന രീതിയിൽ ഇടപെട്ടും ആശ്വാസം പകർന്നു. അതിൽ ഒരിക്കലും രാഷ്ട്രീയം നോക്കിയില്ല.‌ഈ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ശൈലി നിഷ്പക്ഷ വിഭാഗങ്ങൾക്കിടയിലും എതിർചേരിയിലെ സാധാരണക്കാർക്കിടയിലും ഏറെ സ്വീകാര്യമായി. ശുപാർശയ്ക്കായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കും ലോക്കൽ സെക്രട്ടറിമാർക്കും മുന്നിൽ കൈ നീട്ടേണ്ടി വന്നവർക്കു പ്രത്യേകിച്ചും. തന്നെ കാണാൻ ആരുടെയും ശുപാർശ ആവശ്യമില്ലെന്നു പൊതുവേദികളിൽ ഉൾപ്പെടെ പറയാനും മടി കാണിച്ചില്ല. എംപി എന്ന നിലയിൽ മണ്ഡലത്തിലെ മുക്കിലും മൂലയിലും സാന്നിധ്യമുണ്ടാക്കാൻ ഉണ്ണിത്താൻ ശ്രദ്ധിച്ചിരുന്നു. വീടിന്റെ പാലുകാച്ചൽ, വിവാഹം തുടങ്ങി തന്നെ ക്ഷണിച്ച സ്വകാര്യ ചടങ്ങുകളിലൊക്കെ പങ്കെടുത്തു. മരണ വീടുകളിലൊക്കെ രാഷ്ട്രീയം നോക്കാതെ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. 

തെയ്യംകെട്ട്, പള്ളിപ്പെരുന്നാൾ, ഉറൂസ്, ടൂർണമെന്റുകൾ തുടങ്ങി നാലാളുകൾ കൂടുന്ന സ്ഥലങ്ങളിലൊക്കെ ഉണ്ണിത്താനും എത്തി. ഇതിനെ എതിരാളികൾ പരിഹസിച്ചെങ്കിലും ഇതിലൂടെ പാർട്ടിക്കും മുന്നണിക്കും പുറത്തുള്ളളവരുമായി വലിയ സുഹൃദ്ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പാർട്ടിയുടെയും മുന്നണിയുടെയും ദൗർബല്യങ്ങൾ മറികടക്കാൻ ഇതിലൂടെ സാധിച്ചു. നടത്തിയ വികസനങ്ങളേക്കാൾ ഉണ്ണിത്താൻ‌ ജനമനസ്സിലിടം നേടാനുള്ള കാരണവും ഇതു തന്നെ.കാസർകോട് എത്തിയപ്പോൾ കുറി മായ്ച്ചുവെന്ന പ്രചാരണം എൽഡിഎഫും ബിജെപിയും ഉയർത്തിയെങ്കിലും കുറി മായ്ച്ചതു അലർജി കാരണമാണെന്നു സ്ഥാപിച്ച് വ്യാജ പ്രചാരണം ചെറുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതു ഇങ്ങനെ നേടിയെടുത്ത വിശ്വാസം കൊണ്ടാണ്. ഒരു തലക്കനവും ഇല്ലാതെ, സെൽഫി എടുക്കാനെത്തുന്ന കൊച്ചുകുട്ടികൾക്കൊപ്പം പോലും ചിരിച്ചു നിന്നു. ‌അങ്ങനെ കൊല്ലത്തു നിന്ന് എത്തിയ ഉണ്ണിത്താൻ കാസർ‌കോടിന്റെ രാഷ്ട്രീയം തന്നെ മാറ്റിയെഴുതി.തുടർജയത്തോടെ ജില്ലയിലെ കോൺഗ്രസ് രാഷ്്ട്രീയത്തിലും ഉണ്ണിത്താന്റെ ഗ്രാഫ് ഉയർന്നു. സംഘടനാ കാര്യങ്ങളിലും ഭാരവാഹികളെ നിർണയിക്കുന്നതിലും ഉണ്ണിത്താന്റെ വാക്കുകൾ കെപിസിസി നേതൃത്വത്തിനു തള്ളിക്കളയാനാകില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com