കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷയിൽനിന്ന് ഇന്ധനച്ചോർച്ച, ഗതാഗതം സ്തംഭിച്ചു

Mail This Article
ചട്ടഞ്ചാൽ ∙ ദേശീയപാതയിൽ ചട്ടഞ്ചാൽ തെക്കിൽ വളവിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് റിക്ഷ ഡ്രൈവർക്കു പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ സിഎൻജി ടാങ്കിൽ പ്രകൃതിവാതകചോർച്ച കാരണം അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ ചാലിങ്കാൽ സ്വദേശി പി. ഇബ്രാഹിമിനെ(52) തലയ്ക്കും മുഖത്തും പരുക്കേറ്റ നിലയിൽ കാസർകോട് സ്വകാര്യാശുപത്രിയിലേക്കു മാറ്റി. കാസർകോട് നിന്ന് അഗ്നിശമന സേന എത്തിയാണ് ടാങ്കിൽനിന്ന് പ്രകൃതി വാതകം മുഴുവൻ തുറന്നുവിട്ട് അപായഭീഷണി ഒഴിവാക്കിയത്. ഈ സമയത്ത് 250 മീറ്റർ ഗതാഗതം നിരോധിച്ചിരുന്നു.
തുടക്കത്തിൽ ടാങ്ക് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 7 കിലോഗ്രാം പ്രകൃതിവാതകം അടങ്ങുന്നതായിരുന്നു ടാങ്ക്. പരക്കെ വെള്ളം ചീറ്റിച്ചായായിരുന്നു ടാങ്കിൽ നിന്ന് ഗ്യാസ് തുറന്നു വിട്ടത്. കലക്ടർ ഉൾപ്പെടെ വാഹന ഗതാഗത കുടുക്കിൽപ്പെട്ടിരുന്നു. ചാലിങ്കാലിൽ നിന്ന് കാസർകോട് ഭാഗത്തേക്കു വരികയായിരുന്നു ഓട്ടോറിക്ഷ. കാർ കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്നു. ഓട്ടോറിക്ഷ ദേശീയപാതയുടെ അരികിൽ ബാരിക്കേഡിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അല്ലെങ്കിൽ 30 അടിയോളം താഴ്ചയുള്ള കുഴിയിലേക്കു മറിഞ്ഞുള്ള ദുരന്തമായേനെ. മേൽപറമ്പ് പൊലീസ്, അഗ്നിരക്ഷാ സേനയുടെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.