ആശുപത്രി ജനറേറ്ററിൽ നിന്ന് പുക: കാരണം ഫ്യുവൽ പമ്പ് കേടായത്
Mail This Article
കാഞ്ഞങ്ങാട് ∙ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നു അമിതമായി പുക ഉയർന്നത് ഫ്യുവൽ പമ്പ് കേടായതിനെ തുടർന്ന്. പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഫ്യുവൽ പമ്പിലെ ഇൻജക്ടർ കേടായി ഡീസലും ഓയിലും കലർന്നതാണു വെളുത്ത പുക ഉയരാൻ കാരണമായത്. ആശുപത്രിയിലേക്ക് കണക്‌ഷൻ നൽകാതെ ജനറേറ്റർ പ്രവർത്തിപ്പിച്ചപ്പോൾ പുക ഉയർന്നില്ല.കണക്‌ഷൻ കൊടുത്തു നോക്കിയപ്പോൾ വലിയതോതിൽ വെളുത്ത പുക ഉയരുകയും ചെയ്തു.
ഇതോടെയാണ് ഫ്യുവൽ പമ്പിന്റെ തകരാർ കാരണമാണ് പുകയും ദുർഗന്ധവും ഉയരാൻ കാരണമായതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതെന്നു പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വിവേക് പറഞ്ഞു. ജനറേറ്ററിന്റെ ഭാഗം അഴിച്ചെടുത്ത് സർവീസായി കൊണ്ടു പോകുകയും ചെയ്തു. ജനറേറ്റർ കൃത്യമായി സർവീസ് ചെയ്യുന്നതാണ്. അപ്രതീക്ഷിതമായി വന്ന തകരാർ ആണെന്ന് പുക ഉയരാൻ കാരണമായതെന്നും അധികൃതർ വ്യക്തമാക്കി.
പുക ശ്വസിച്ച് സമീപത്തെ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്കാണ് കടുത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടത്. ഇവരെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചത്. 7 കുട്ടികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേ സമയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2 കുട്ടികളെ ഇന്നലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു, 5,6,7 ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ചികിത്സ തേടിയത്. ക്ലാസ് മുറിക്ക് മീറ്ററുകൾ മാത്രം അകലെയാണ് ജനറേറ്ററുള്ളത്. സംഭവത്തെ തുടർന്നു ഇന്നലെ സ്കൂളിന് അവധിയും നൽകി. സ്കൂൾ അധികൃതർ കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്.