ADVERTISEMENT

കാസർകോട്∙ കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പു കേസിൽ 5 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. ‌കേസിന്റെ ഫയൽ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുന്നതിനു മുന്നോടിയായാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം.സഹകരണസംഘം ലോക്കറിൽ നിന്ന് സെക്രട്ടറി രതീശൻ തട്ടിയെടുത്ത സ്വർണം വിവിധ ബാങ്കുകളിൽ പണയം വയ്ക്കാൻ സഹായിച്ചവരുടെ മൊഴിയാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം രേഖപ്പെടുത്തുന്നത്.

സഹകരണ സംഘത്തിൽ നിന്ന് തട്ടിയെടുത്ത സ്വർണമാണെന്ന് അറിയാതെയാണ് പണയം വയ്ക്കാൻ സഹായിച്ചതെന്ന കണ്ടെത്തലിനെ തുടർന്ന് ഇവരെ സാക്ഷിയാക്കാനാണ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശം. കേസിൽ റിമാൻഡിൽ കഴിയുന്ന പള്ളിക്കര പഞ്ചായത്തംഗം ബേക്കൽ ഹദ്ദാദ് നഗറിലെ കെ.അഹമ്മദ് ബഷീർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനിൽ കുമാർ എന്നിവരുടെ ബന്ധുക്കളാണിവർ.

ഇതിൽ 3 പേർ സ്ത്രീകളാണ്.സ്വർണ പണയ വായ്പയിൽ തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നു സസ്പെൻഷനിൽ കഴിയവേ കഴിഞ്ഞ മേയ് 8,9 തീയതികളിൽ സഹകരണസംഘം ഓഫിസിലെത്തിയാണ് രതീശൻ ലോക്കറിൽ നിന്ന് സ്വർണം തട്ടിയെടുത്തത്. 42 പേർ പണയം വച്ച ഏകദേശം ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണമാണ് ഇങ്ങനെ തട്ടിയെടുത്തത്. ഇത് കേരള ബാങ്കിന്റെ പെരിയ, കാഞ്ഞങ്ങാട് ശാഖകളിലും കനറാ ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളിലും പണയം വച്ച് വായ്പ എടുക്കുകയും ആ പണവുമായി രതീശനും സംഘവും ബെംഗളൂരുവിലേക്ക് മുങ്ങുകയുമായിരുന്നു.

പക്ഷേ പിടിയിലാകുമ്പോൾ ഈ തുക പ്രതികളുടെ കൈവശം ഉണ്ടായിരുന്നില്ല. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കർമംതോടി ബാളക്കണ്ടം സ്വദേശിയും സഹകരണസംഘം സെക്രട്ടറിയുമായ കെ.രതീശൻ, സൂത്രധാരനെന്നു സംശയിക്കുന്ന പയ്യന്നൂരിലെ താമസക്കാരനും കണ്ണൂർ താണ സ്വദേശിയുമായ അബ്ദുൽ ജബ്ബാർ(ജബ്ബാർ മഞ്ചക്കണ്ടി), കോഴിക്കോട് അരക്കിണർ സ്വദേശി സി.നബീൽ, ബേക്കൽ ഹദ്ദാദ് നഗറിലെ കെ.അഹമ്മദ് ബഷീർ, പറക്കളായി ഏഴാം മൈലിലെ എ.അബ്ദുൽ ഗഫൂർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനിൽ കുമാർ എന്നിവർ റിമാൻഡിലാണ്. 

അനിൽ കുമാർ, അഹമ്മദ് ബഷീർ, അബ്ദുൽ ഗഫൂർ എന്നിവരുടെ പേരിൽ വിവിധ ബാങ്കുകളിൽ പണയം വച്ച 195 പവൻ സ്വർണം ഇതിനകം ജില്ലാ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പക്ഷേ ഇപ്പോൾ സാക്ഷികളായ 5 പേർക്കും കേസുമായി ഒരു ബന്ധവും ഇല്ലെന്നും പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് പണയം വയ്ക്കാൻ സഹായിച്ചതെന്നുമാണ് കണ്ടെത്തിയത്. ഇവരുടെ പേരിൽ പണയം വച്ച 60 ലക്ഷത്തോളം രൂപയുടെ സ്വർണം ഇനി പിടിച്ചെടുക്കാനുണ്ട്. ഇത് ബാങ്കുകളിൽ മരവിപ്പിച്ചു വെച്ചിരിക്കുകയാണ്.

രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ഈ സ്വർണവും പിടിച്ചെടുക്കും. പക്ഷേ തട്ടിയെടുത്ത 3 കോടിയിലേറെ രൂപ എങ്ങോട്ട് പോയെന്ന് ഇനിയും കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. കേസിൽ ഇനിയും പ്രതികൾ പിടികൂടാനുണ്ടെന്ന സൂചനയാണുള്ളത്. ജബ്ബാറിന്റെ പേരിൽ വയനാട് മാനന്തവാടിയിൽ ഉണ്ടെന്നു പറയുന്ന 4.1 ഏക്കർ സ്ഥലത്തിന്റെ രേഖകൾ മരവിപ്പിക്കാനും അന്വേഷണസംഘം റജിസ്ട്രാർ ഓഫിസിൽ കത്തു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com