റാണിപുരത്തെ ഇ-പോസ് മെഷീൻ മന്ദഗതിയിലായി; വലഞ്ഞ് സഞ്ചാരികൾ
Mail This Article
രാജപുരം ∙ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍ ടിക്കറ്റിനുള്ള പണം നൽകാൻ ഏർപ്പെടുത്തിയ ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ പലർക്കും ടിക്കറ്റ് ലഭിച്ചില്ല. സഞ്ചാരികൾ പ്രതിഷേധിച്ചതോടെ ടിക്കറ്റ് നിരക്ക് നേരിട്ടും സ്വീകരിക്കാൻ തുടങ്ങി. ഇതിനകം ടിക്കറ്റ് ലഭിക്കാത്തതിനാൽ പലരും തിരിച്ചുപോയിരുന്നു.
2500ൽ അധികം ആളുകളാണ് ഇന്നലെ റാണിപുരത്ത് എത്തിയത്. ഈ മാസം ഒന്നു മുതലാണ് ടിക്കറ്റിന് പണം നൽകാൻ ഇ പോസ് മെഷിൻ ഏർപ്പെടുത്തിയത്. നേരിട്ടുപണം സ്വീകരിക്കുന്നത് നിർത്തിയിരുന്നു. നെറ്റ്‌വർക് കവറേജ് കുറഞ്ഞ റാണിപുരത്ത് ഇത്തരം സംവിധാനം നടപ്പിലാക്കുന്നത് വിജയിക്കില്ലെന്ന് അഭിപ്രായമുണ്ടായിരുന്നു.
തിരക്ക് വർധിച്ചതോടെ ഇന്നലെ 2 ഇ-പോസ് മെഷീൻ ഉപയോഗിച്ചെങ്കിലും വൈഫൈ സംവിധാനം മന്ദഗതിയിലായതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. പഴയ മെഷീൻ ആയതിനാൽ വേഗം കുറയാൻ കാരണമായതായി ജീവനക്കാർ പറയുന്നു. കഴിഞ്ഞമാസം വരെ ടിക്കറ്റ് നിരക്ക് നേരിട്ടാണ് സഞ്ചാരികളിൽനിന്നു സ്വീകരിച്ചിരുന്നത്. ടിക്കറ്റ് വിൽപന സുതാര്യമാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. പുതിയ ഇ-പോസ് മെഷീൻ സ്ഥാപിച്ച് നെറ്റ്‌വർക് കവറേജ് ഉയർത്തണമെന്ന് സഞ്ചാരികൾ ആവശ്യപ്പെടുന്നു.