പയസ്വിനിപ്പുഴയിലെ മഴവെള്ളപ്പാച്ചിൽ കടന്ന് ഒരു കൊമ്പൻ കൂടി മുളിയാറിൽ

Mail This Article
ബോവിക്കാനം∙ പയസ്വിനിപ്പുഴയിലെ മഴവെള്ളപ്പാച്ചിൽ നീന്തിക്കടന്ന് ഒരു കൊമ്പൻ കൂടി മുളിയാറിലെത്തി. ദേലംപാടി കടുമനയിൽ ഒരാഴ്ചയിലേറെയായി നാശം വിതച്ചു കൊണ്ടിരുന്ന ആനയാണ് കഴിഞ്ഞ ദിവസം രാത്രി പുഴ കടന്ന് മുളിയാർ നെയ്യങ്കയത്ത് എത്തിയത്.ഇതോടെ മുളിയാർ വനത്തിലുള്ള ആനകളുടെ എണ്ണം മൂന്നായി. 2 എണ്ണം കഴിഞ്ഞ ദിവസം രാത്രി പാണൂർ, തൈര, പയോലം ഭാഗങ്ങളിൽ കൃഷി നശിപ്പിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് ഇവിടെ കാട്ടാനകൾ നാശം വിതയ്ക്കുന്നത്.
കൃഷിയിടങ്ങളിൽ നിന്ന് ഓടിക്കുന്നതല്ലാതെ സോളർ തൂക്കു വേലിക്ക് അപ്പുറത്തേക്കു കാട്ടാനകളെ ഓടിക്കുന്നതിനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടില്ല. പയസ്വിനിപ്പുഴയിലെ നീരൊഴുക്ക് കൂടിയതിനാൽ ആനകൾ പുഴ കടന്നുപോകാൻ സാധ്യതയില്ലെന്നതിനാൽ ഒഴുക്ക് കുറയാൻ കാത്തിരിക്കുകയാണ് വനംവകുപ്പ്. എന്നാൽ അതേ പുഴ കടന്നാണ് ആന ഇങ്ങോട്ടെത്തിയത്.