അബുദാബിക്ക് മടക്കടിക്കറ്റെടുത്തവരെ ‘എയറി’ലാക്കി എയർ ഇന്ത്യ; ടിക്കറ്റ് ബുക്ക് ചെയ്ത വിമാനം റദ്ദാക്കി
Mail This Article
പെരിയ ∙ ടിക്കറ്റ് നിരക്ക് വർധന ഭയന്ന്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റുമായി അബുദാബിയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച കുടുംബങ്ങളെ ‘എയറിലാക്കി’ എയർ ഇന്ത്യ. മടക്കയാത്രയ്ക്കായി ഓഗസ്റ്റ് 23ന് ടിക്കറ്റ് ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതോടെയാണ് നിശ്ചിത തീയതിയിൽ അബുദാബിയിലെത്താൻ പകരം സംവിധാനമില്ലാതെ നാട്ടിലെത്തിയ കുടുംബങ്ങൾ ദുരിതത്തിലായത്. 23ന് എയർ ഇന്ത്യയുടെ മംഗളൂരു– മുംബൈ–അബുദാബി കണക്‌ഷൻ വിമാനത്തിന് ടിക്കറ്റെടുത്ത കുടുംബങ്ങൾക്കാണ് എയർ ഇന്ത്യയുടെ ഇരുട്ടടി. അബുദാബിയിൽ ജോലി ചെയ്യുന്ന പെരിയ കായക്കുളത്തെ ടി.വി.സുരേഷ്കുമാർ കുടുംബത്തിനൊപ്പം 13ന് നാട്ടിലേക്ക് തിരിക്കുന്ന ദിവസമാണ് എയർ ഇന്ത്യയിൽ നിന്ന് ആദ്യ മെയിൽ ലഭിച്ചത്.
ഇതേക്കുറിച്ച് സുരേഷ്കുമാർ പറയുന്നതിങ്ങനെ: ‘അവധി കഴിഞ്ഞ് മടങ്ങുന്ന സമയത്തെ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ ഫ്ലൈറ്റിൽ കുറവാണെന്ന് കരുതിയാണ് മംഗളൂരു- മുംബൈ - അബുദാബി വിമാനത്തിൽ ടിക്കറ്റ് എടുത്തത്. മുംബൈയിൽ കുറച്ച് കാത്തിരുന്നാലും വലിയ കുഴപ്പമില്ലാത്ത ചാർജ് ആണല്ലോ എന്നും കരുതി. ഉച്ചതിരിഞ്ഞ് 2.30ന് മംഗളൂരു വിട്ടാൽ രാത്രി 12.30ന് അബുദാബിയിൽ എത്തും. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ 4 പേർക്ക് അങ്ങോട്ടും ഇങ്ങോട്ടുമായി ലക്ഷങ്ങൾ ചെലവാകും. വിവരം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പെരിയയിലെ സുഹൃത്ത് ജയകുമാറിനോടും പറഞ്ഞു. ജയകുമാറും ഇതേ വിമാനത്തിനുതന്നെ ടിക്കറ്റെടുത്തു.
13 ന് അബുദാബിയിൽ നിന്ന് നാട്ടിൽ പോകാനുള്ള തിരക്കിനിടയിൽ എയർ ഇന്ത്യയിൽ നിന്നൊരു ഇ മെയിൽ വന്നു. പോകുന്ന വിമാന സമയത്തിന്റെ മാറ്റമാണോയെന്നറിയാൻ അപ്പോൾ തന്നെ നോക്കിയപ്പോൾ നാട്ടിലേക്ക് പോകുന്ന പകുതി സന്തോഷം പോയി. 23 ന് മടക്കയാത്രയ്ക്കുള്ള മംഗളൂരു- മുംബൈ വിമാന സമയത്തിന്റെ സമയത്തിൽ മാറ്റം. ഉച്ചയ്ക്ക് 2.30 ന് പുറപ്പെടേണ്ടത് രാവിലെ 7.30 നു തന്നെ പുറപ്പെടുമെന്നാണ് അറിയിപ്പ്. അപ്പോൾ വീട്ടിൽ നിന്ന് പുലർച്ചെ മൂന്നിനെങ്കിലും എയർപോർട്ടിലേക്ക് പുറപ്പെടണം.
സാധാരണ യാത്രയയയ്ക്കാൻ ബന്ധുക്കൾ എല്ലാവരും വീട്ടിൽ വരാറുണ്ട്. അതിരാവിലെ എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ട അവസ്ഥയായി. വേറെ പോംവഴിയൊന്നുമില്ല. മാത്രമല്ല, മുംബൈയിൽ അബുദാബി വിമാനത്തിനായി 13 മണിക്കൂർ കാത്തിരിക്കുകയും വേണം. കഴിഞ്ഞദിവസം എയർ ഇന്ത്യയിൽ നിന്നു വീണ്ടും വന്ന ഇമെയിൽ നോക്കിയപ്പോൾ ആകെ ഷോക്ക് ആയി. ഞങ്ങളുടെ മുംബൈ - അബുദാബി വിമാനം റദ്ദാക്കി. പകരം അവർ ടിക്കറ്റ് തന്നത് അന്ന് പുലർച്ചെ 5 നുള്ള മുംബൈ - അബുദാബി എയർ ഇന്ത്യ വിമാനത്തിന്..!
അതായത് ഞങ്ങളുടെ കണക്‌ഷൻ ഫ്ലൈറ്റായ മംഗളൂരു- മുംബൈ വിമാനം രാവിലെ 8.30 ന് മുംബൈയിൽ എത്തുന്നതിനു മൂന്നര മണിക്കൂർ മുൻപേ മുംബൈ– അബുദാബി വിമാനം എയർപോർട്ട് വിടും. എയർ ഇന്ത്യ തന്ന കണക്‌ഷൻ ടിക്കറ്റുമായി ‘കണക്‌ഷനില്ലാതെ’ ഞങ്ങൾ മുംബൈയിൽ കറങ്ങേണ്ടിവരും. 22നു പോയി മുംബൈയിൽ റൂം എടുത്ത് താമസിച്ച് പിറ്റേ ദിവസത്തെ എയർ ഇന്ത്യ ഫ്ലൈറ്റിന് പോകേണ്ട സ്ഥിതിയായി.
സുഹൃത്ത് ജയകുമാർ എയർ ഇന്ത്യയുടെ അബുദാബി ഓഫിസിൽ പോയി. അന്വേഷിച്ചപ്പോൾ അവിടെ നിന്ന് കിട്ടിയ മറുപടിയാണ് അതിലേറെ വിചിത്രം–‘നിങ്ങൾ വേണമെങ്കിൽ സമയമാറ്റം വരുത്തിയ വിമാനത്തിൽ പോയ്ക്കോ’ എന്നായിരുന്നു മറുപടി. കേന്ദ്ര സർക്കാരിന്റെ അധീനതയിലായിരുന്നപ്പോൾ സാധാരണ വിമാന സമയത്തിൽ മാറ്റം വന്നാൽ എയർ ഇന്ത്യ യാത്രക്കാർക്ക് വേണ്ട സൗകര്യം ഒരുക്കാറുണ്ട്.
ഒന്നെങ്കിൽ ടിക്കറ്റ് തുക തിരിച്ചുതരും, അല്ലെങ്കിൽ അടുത്ത വിമാനത്തിന് സൗകര്യവും ആ സമയം വരെ താമസവും ഒരുക്കിത്തരും. ഇനി ഞങ്ങൾക്ക് വേറെ നിവൃത്തിയില്ല. ആകെ ചെയ്യാൻ കഴിയുക 23ന് രാവിലെ 7നുള്ള വിമാനത്തിൽ മംഗളൂരുവിൽ നിന്ന് മുംബൈക്ക് പോയി 4ന് അവിടെ നിന്ന് ദുബായിലേക്കുള്ള വിമാനത്തിൽ കയറുക, അവിടെ നിന്നു ഭാരിച്ച ടാക്സി കൂലി നൽകി വേണം അബുദാബിയിലെ താമസ സ്ഥലത്തെത്താൻ.’ ഓഗസ്റ്റ് 23 ന് അബുദാബി വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ മലയാളികളെ എയർ ഇന്ത്യയുടെ ഈ തീരുമാനം ദുരിതത്തിലാക്കും. അബുദാബി മലയാളി സമാജത്തിന്റെ നിയുക്ത സെക്രട്ടറി കൂടിയാണ് സുരേഷ്കുമാർ.