പൂർണമായും തകർന്ന് നാട്ടുകാരുടെ പാലം

Mail This Article
നീലേശ്വരം ∙ ക്ഷേത്രങ്ങളിലെ ഉത്സവ സമയത്ത് പുലിയന്നൂർ, അണ്ടോൾ എന്നീ ഗ്രാമവാസികൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിർമിച്ച വലിയ മരപ്പാലം പൂർണമായും തകർന്നു.. കഴിഞ്ഞ തവണത്തെ വെള്ളപൊക്കത്തിൽ പാലം തകർന്നെങ്കിലും ഇപ്പോൾ പാലത്തിന്റെ തൂണുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതേ സമയം ദേശീയ പാത വികസനത്തിന്റെ ഭാഗമായി കാര്യങ്കോട് , മയിച്ച, നീലേശ്വരം എന്നീ പാലങ്ങളുടെ നിർമാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നികത്തിയത് പൂർണമായും പൊളിച്ച് മാറ്റാത്തത് വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞ് നിർത്തുന്ന സ്ഥിതിയുണ്ട്. ഇത് വെള്ളം കരയിലേക്ക് കയറുന്നതിനള്ള അവസരം ഒരുക്കുകയാണ്.



കാര്യങ്കോട് പുഴക്കരയിൽ ആശങ്ക
നീലേശ്വരം∙ ചീമേനിയിലെ കാക്കടവ് അണക്കെട്ടിൽ വലിയ തോതിൽ വെള്ളം കെട്ടി നിൽക്കുകയാണ്. മഴ കനത്താൽ പുഴയിലേക്ക് വെള്ളം കൂടുതൽ എത്തും. അങ്ങനെ വന്നാൽ കാര്യങ്കോട് പുഴയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയേറെ. പാലായി ഷട്ടർ കം ബ്രിജ് പൂർണമായും തുറന്നിട്ടില്ല. ഇത് വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയുമെന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും രാത്രിയിൽ കിഴക്കൻ വെള്ളം വന്നാൽ കര കവിയാൻ സാധ്യത ഏറെയാണ്. അതേ സമയം മഴ കനത്തതോടെ കാര്യങ്കോട് പുഴയുടെ തീര പ്രദേശങ്ങളായ കയ്യൂർ, ചെറിയാക്കര, വെള്ളാട്ട്, ക്ലായിക്കോട്, ചാത്തമത്ത് , പാലായി, പൊടോതുരുത്തി, കണിയാട, അണ്ടോൾ, കിണാവൂർ, മുക്കട, പുലിയന്നൂർ എന്നിവിടങ്ങളിൽ പുഴ കരകവിയുന്ന അവസ്ഥയിലാണുള്ളത്.