വയനാടിന് കൈത്താങ്ങാകാൻ കാസർകോടിന്റെ സ്നേഹവണ്ടികൾ
Mail This Article
കാസർകോട് ∙ വയനാട് ദുരിതാശ്വാസത്തിനായി അവശ്യസാധനങ്ങളുടെ ശേഖരണകേന്ദ്രം കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തനമാരംഭിച്ചു. അവശ്യസാധന കിറ്റുകളുമായി ആദ്യ വണ്ടി വയനാട്ടിലേക്കു തിരിച്ചു. ഇന്ന് ഉച്ചയ്ക്കു രണ്ടാമത്തെ വണ്ടി പുറപ്പെടും. ശേഖരണകേന്ദ്രത്തിൽ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) അവശ്യസാധനങ്ങളുടെ ആദ്യ കിറ്റ് എത്തിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, കലക്ടർ കെ.ഇൻപശേഖർ എന്നിവർ ചേർന്ന് കിറ്റ് ഏറ്റുവാങ്ങി. സിൽക്ക് ചെയർമാൻ മുഹമ്മദ് ഇഖ്ബാലിന്റെ നിർദേശത്തെത്തുടർന്ന് സിൽക്കിന്റെ പ്രതിനിധിയാണ് കിറ്റ് എത്തിച്ചത്.
അരിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമൊക്കെ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ശേഖരണകേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ: കലക്ടറേറ്റ്: 9446601700, ഹൊസ്ദുർഗ് താലൂക്ക്: 9447613040. കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യസാധനങ്ങൾ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ടൂത്ത് പേസ്റ്റ്, ബ്രഷ്, വാഷിങ് സോപ്പ്, അടിവസ്ത്രങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, പാത്രങ്ങൾ, സാനിറ്ററി പാഡ്, പുതപ്പ്, തലയണ, ടോർച്ച്, ടവൽ, സ്ലിപ്പറുകൾ, മഴക്കോട്ട്.