പള്ളഞ്ചിച്ചാലിൽ ജലനിരപ്പ് ഉയരുന്നു; അപകടാവസ്ഥയിൽ വെള്ളരിക്കയ താൽക്കാലിക പാലം

Mail This Article
ബേത്തൂർപ്പാറ ∙ പള്ളഞ്ചിച്ചാലിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളരിക്കയയിലെ താൽക്കാലിക പാലത്തിലൂടെയുള്ള യാത്ര അപകടാവസ്ഥയിൽ. വെള്ളരിക്കയ, ബാളംകയ പ്രദേശങ്ങളിലെ അമ്പതോളം വീട്ടുകാർ പുറംലോകം കാണണമെങ്കിൽ കിലോമീറ്ററുകൾ കാട്ടിലൂടെ നടക്കണം.പാലത്തിനോടു ചേർന്നാണു ഇപ്പോൾ വെള്ളം ഒഴുകുന്നത്. അൽപം കൂടി വെള്ളം ഉയർന്നാൽ പാലം മുങ്ങും.
ചാലിൽ ശക്തമായ ഒഴുക്കുള്ളതിനാൽ പാലം അപ്പാടെ ഒലിച്ചുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ 2 ദിവസമായി ചാലിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.ഗതാഗതയോഗ്യമായ റോഡോ പാലമോ ഇല്ലാത്തതിനാൽ എല്ലാവർഷവും ചാലിനു കുറുകെ കമുകിൻ തടികൾ പാകി താൽക്കാലിക പാലം നിർമിച്ചാണ് ഇവർ യാത്ര ചെയ്തിരുന്നത്.
എന്നാൽ ജലനിരപ്പ് ഉയർന്നതോടെ ഇതുവഴിയുള്ള യാത്ര ഇനി അപകടമാണ്. കാലൊന്നു തെറ്റിയാൽ കുത്തിയൊഴുകുന്ന ചാലിൽ വീഴും. അതുകൊണ്ട് ഇനി ഇവർ പുറംലോകം കാണണമെങ്കിൽ പാണ്ടിയിലേക്കു കൊടുംവനത്തിലൂടെ നടന്നുപോകണം.ഏതു സമയത്തും കാട്ടാനയെയും കാട്ടുപോത്തുകളെയും പ്രതീക്ഷിക്കാവുന്ന വഴി കൂടിയാണിത്. ബേത്തൂർപ്പാറ സ്കൂളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിക്കുന്നത്. ഇനി ഇവർക്കു സ്കൂളിലെത്താൻ പാണ്ടിയിലൂടെ 5 കിലോമീറ്ററെങ്കിലും നടന്നുപോകണം.
പാലം നിർമിക്കാൻ വനംവകുപ്പ് 4 വർഷം മുൻപു ദേലംപാടി പഞ്ചായത്തിനു സ്ഥലം വിട്ടു നൽകിയിട്ടും ഓരോ കാരണം പറഞ്ഞു അധികൃതർ നിർമാണം വൈകിപ്പിക്കുകയാണ്. പാലത്തിന്റെ രൂപരേഖ പോലും ഇതുവരെ തയാറാക്കിയിട്ടില്ല. ഫണ്ടും അനുവദിച്ചിട്ടില്ല. ഇതോടൊപ്പം സ്ഥലം വിട്ടു നൽകിയ റോഡുകൾ കോൺക്രീറ്റ് ചെയ്തപ്പോഴാണ് പാലത്തിന്റെ പ്രാഥമിക നടപടികൾ പോലും തുടങ്ങാത്തത്.