ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത ഏറെയായതിനാൽ പാണത്തൂർ, പടിയത്തടുക്ക, ഷേണി, പൈക്ക, വെള്ളരിക്കുണ്ട് എന്നീ പ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കലക്ടർ കെ.ഇമ്പശേഖർ അഭ്യർഥിച്ചു.

കൂടാതെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ, പാലച്ചാൽ, കോട്ടക്കുന്ന്, മഞ്ചുച്ചാൽ, ചെത്തിപ്പുഴത്തറ്റ്, നമ്പ്യാർമല, കാട്ടാൻകവല, മുത്തപ്പൻപ്പാറ, കോട്ടമല, മുടന്തൻപ്പാറ, മണ്ഡപം, ഗോക്കടവ്, അർക്കത്തട്ട്,  നായ്കയം, നരയാർ, പടിമരുത്, നീലിമല, പെരിങ്കയം, കമ്മാടി, കല്ലപ്പള്ളി, പുളിങ്കുച്ചി, റാണിപുരം, കടിക്കൽ, ഓട്ടമല, തുമ്പോഡി, പെരുത്തടി, തായന്നൂർ കുളിയാർ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം.

ജില്ലയിൽ കഴിഞ്ഞ 72 മണിക്കൂറിൽ പാണത്തൂർ പ്രദേശത്ത് 305 എംഎം, പടിയത്തടുക്കയിൽ 240.2, ഷേണിയിൽ 216.2, പൈക്കയിൽ 212, വെള്ളരിക്കുണ്ട് പ്രദേശത്ത് 236.5 എംഎം മഴ രേഖപ്പെടുത്തി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളജുകൾ ഉൾപ്പെടെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. തുടർച്ചയായി മൂന്നാം ദിവസമാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകുന്നത്. ദേശീയപാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ ​ഇന്ന് രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു.

സ്കൂളുകൾ സുരക്ഷ ഉറപ്പാക്കണം: കലക്ടർ
കാസർകോട് ∙ ജില്ലയിലെ വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്കൂൾ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, തദ്ദേശ സ്വയം സ്ഥാപന സെക്രട്ടറിമാർ, പിടിഎ അംഗങ്ങൾ എന്നിവർ അതത് സ്കൂളുകൾ സന്ദർശിച്ച് സുരക്ഷാ പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ യോഗം ചേരണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ.ഇമ്പശേഖർ നിർദേശിച്ചു. 

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ഒരാഴ്ച ജില്ലയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകുകയും ജില്ലയിൽ വ്യാപകമായി അതിതീവ്ര മഴ ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വിദ്യാർഥികൾ സ്‌കൂളിലേക്കു മടങ്ങുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിത നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ പരിസരത്ത് സമഗ്ര പരിശോധന നടത്തണമെന്നും കലക്ടർ പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അപകടങ്ങളുടെ സാധ്യത തിരിച്ചറിയുകയും അവ പരിഹരിക്കുകയും ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും കൃത്യമായി പാലിക്കുന്നുണ്ടെന്നും അവ ശരിയായി പ്രവർത്തിക്കുന്നുവെന്നും ഉറപ്പാക്കണം.സ്കൂൾ സന്ദർശിച്ച് സ്വീകരിച്ച നടപടികളും കണ്ടെത്തിയ അപകട സാധ്യതകളും നടപടി സ്വീകരിച്ചവയും പരിഹരിച്ചവയും സംബന്ധിച്ച സമഗ്ര റിപ്പോർട്ട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com