മണ്ണിടിച്ചിൽ ഭീതി തുടരുന്നു; മട്ടലായിക്കുന്നിനു താഴെയുള്ള കുടുംബങ്ങൾ മാറിത്താമസിക്കണം

Mail This Article
ചെറുവത്തൂർ∙ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ മട്ടലായിക്കുന്ന്, വീരമലക്കുന്ന് എന്നിവ ഇടിയുമോ എന്ന ആശങ്ക ശക്തം. മട്ടലായിക്കുന്നിന് താഴെ താമസിക്കുന്ന 2 വീടുകളിലെ കുടുംബങ്ങളോട് പ്രദേശത്തുനിന്ന് മാറിത്താമസിക്കാൻ തൃക്കരിപ്പൂർ അഗ്നിരക്ഷാസേന ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിനായി മലയിടിച്ച ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന്റെ ഭാഗമായി കുന്നിൽ സ്ഥാപിച്ച പൈപ്പിൽ കൂടി വെള്ളം തുടർച്ചയായി ഒഴുകി വരുന്നുണ്ട്.
ഇതെല്ലാം കുന്നിടിച്ചിലിന് കാരണമായേക്കാം എന്നതിനാലാണ് മുൻകരുതൽ എന്നനിലയിൽ ഇതിനടുത്ത് താമസിക്കുന്ന 2 കുടുംബങ്ങളോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടതെന്ന് അഗ്നിരക്ഷാ സേനാ വിഭാഗം സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരൻ പറഞ്ഞു. രണ്ട് കുന്നുകളും സേന പരിശോധിച്ചു. കുന്ന് ഇടിയുന്നത് തടയാൻ ഇവിടെ സോയിൽ നെയ്‌ലിങ് രീതി ഉപയോഗിച്ച് സംരക്ഷണഭിത്തി ഒരുക്കുന്നുണ്ട്. ദേശീയപാത 66ന്റെ നിർമാണത്തിനു വേണ്ടിയാണ് മട്ടലായിയിൽ 200 മീറ്ററോളം നീളത്തിൽ കുന്നിടിച്ചത്.