ADVERTISEMENT

ബോവിക്കാനം∙ റബറിനു ഇലകൊഴിച്ചിൽ രോഗം വ്യാപകമായതോടെ ഉൽപാദനത്തിൽ വൻ ഇടിവ്. വില കുത്തനെ ഉയരുമ്പോഴും ഉത്പാദനക്കുറവു കാരണം നേട്ടം ലഭിക്കാതെ ദുരിതപ്പെടുകയാണ് കർഷകർ. ഒരു മാസം മുൻപു കണ്ടുതുടങ്ങിയ രോഗം ഇപ്പോൾ വ്യാപകമായി പടർന്നു കഴിഞ്ഞു. സാധാരണ ഡിസംബർ– ജനുവരി മാസങ്ങളിലാണ് റബറിന്റെ ഇല കൊഴിയുന്നത്. ആ രീതിയിലാണ് ഇപ്പോൾ ജില്ലയിലെ മിക്ക തോട്ടങ്ങളുമുള്ളത്.

ഫൈറ്റോഫ്തോറ പാൽവിമോറ എന്ന കുമിൾ ബാധയാണ് ഇതിനു കാരണമെന്നാണു കൃഷി വിദഗ്ധർ പറയുന്നത്. നിർത്താതെ പെയ്യുന്ന മഴയും ഈർപ്പം കലർന്ന അന്തരീക്ഷവും കുമിൾ വളരാൻ കാരണമാവുകയും ചെയ്യുന്നു. ഒരൊറ്റ ഇല പോലും ബാക്കിയില്ലാതെയാണു റബർമരങ്ങളെ രോഗം തളർത്തിയിരിക്കുന്നത്. ഇതോടെ ഉൽപാദനവും ഗണ്യമായി കുറഞ്ഞതായി കർഷകർ പറയുന്നു.

മഴ കനക്കുകയാണെങ്കിൽ രോഗം ഇനിയും പടരുമെന്ന ആശങ്കയിലാണു കർഷകർ.കമുകിനു മഹാളിയും കുരുമുളകിനു ദ്രുതവാട്ടത്തിനുമൊക്കെ കാരണമാകുന്നതു ഈ കുമിളിന്റെ വകഭേദം തന്നെയാണ്. എന്നാൽ റബറിനെ ഈ രീതിയിൽ ബാധിക്കുന്നത് ആദ്യമാണെന്നാണു കർഷകർ പറയുന്നത്. കുമിൾബാധ തടയാനുള്ള കീടനാശിനികൾ വിപണിയിൽ ലഭ്യമാണെങ്കിലും ആദ്യമായതിനാൽ ആരും മുൻകരുതലെടുത്തില്ല.

രോഗം മൂലം 40–50% വരെ ഉൽപാദനം കുറഞ്ഞതായാണു വിലയിരുത്തപ്പെടുന്നത്. വർഷങ്ങളായി വിലയിടിഞ്ഞു കിടന്നിരുന്ന റബർ ഉയർത്തെഴുന്നേൽക്കുന്ന ഘട്ടത്തിലാണ് രോഗം കർഷകരുടെ സ്വപ്നങ്ങൾ തകർത്തത്. ഒരു കിലോ റബറിനു 225 രൂപയായി. ഇനിയും വർധിക്കുമെന്നാണു വ്യാപാരികൾ പറയുന്നത്.ഉൽപാദനക്കുറവ് വിപണിയിലും പ്രകടമാണ്. വേനൽമഴ ഏപ്രിൽ മാസത്തിന്റെ ആദ്യം തന്നെ എത്തിയതിനാൽ റെയ്ൻ ഗാർഡ് ചെയ്യാൻ ഭൂരിഭാഗം പേർക്കും കഴിഞ്ഞിരുന്നില്ല. വേനൽമഴയ്ക്കൊപ്പം തന്നെ കാലവർഷം എത്തുകയും ചെയ്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com