ഉരുൾപൊട്ടൽ ഭീതി; വടക്കാംകുന്ന് മലനിരകളുടെ അടിവാരത്തിൽ ഭയത്തോടെ നൂറുകണക്കിന് കുടുംബങ്ങൾ

Mail This Article
വെള്ളരിക്കുണ്ട് ∙ വയനാട്ടിലെ ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് കഴിയുമ്പോൾ സംസ്ഥാനത്ത് കൂടുതൽ മഴ രേഖപ്പെടുത്തിയ വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാംകുന്ന് മലനിരകളിലെ അടിവാരങ്ങളിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഭീതിയിലായി. ആറോളം വൻകിട ഖനന കമ്പനികളും ക്രഷറുകളുമാണ് ഈ മലനിരകളിൽ വിവിധ ഭാഗങ്ങളിലായി പ്രവർത്തനങ്ങൾ ആരംഭിക്കാൻ നീക്കം നടത്തിവരുന്നത്.
ഇതിൽ ഒരു വൻകിട കമ്പനി നിർമാണ പ്രവർത്തനങ്ങൾക്കായി മലയുടെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്തത് വൻ അപകട സാധ്യതയ്ക്ക് വഴിയൊരുക്കി. ക്രഷർ നിർമാണപ്രദേശത്തു നിന്നുത്ഭവിക്കുന്ന നീർച്ചാലുകളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുകയും ഒഴുക്കിന്റെ ഗതി തിരിച്ചുവിടുകയും ചെയ്തതാണ് പ്രദേശവാസികളുടെ ഉറക്കംകെടുത്തിയത്.അധികൃതരുടെ നിർദേശപ്രകാരം അപകട സാധ്യത കണക്കിലെടുത്ത് ഒരു കുടുംബത്തെ ഇവിടെ നിന്നു മാറ്റിപ്പാർപ്പിച്ചു.
ഖനന പ്രദേശത്തു നിന്നു ടൺ കണക്കിന് മണ്ണ് നീക്കം ചെയ്ത് ജനവാസ മേഖലകൾക്ക് മുകളിലായി കൂട്ടിയിട്ടിരിക്കുന്നതും ഭീഷണിയുയർത്തുന്നു,20 ഡിഗ്രി ചെരിവിന് മുകളിൽ സ്ഥിതി ചെയ്യുന്ന മലനിരകളിൽ ഉരുൾപൊട്ടലിന് സാധ്യത കൂടുതലാണെന്നത് അധികൃതർക്ക് ബോധ്യമുണ്ടായിട്ടും 50 ഡിഗ്രി ചെരിവിന് മുകളിൽ സ്ഥിതി ചെയ്യുന്ന വടക്കാകുന്ന് മലനിരകളിൽ ആറോളം വൻകിട ഖനന കമ്പനികൾക്കാണ് അനുമതി നൽകാൻ നീക്കം നടക്കുന്നത്,

ഈ പ്രദേശത്ത് യാതൊരുവിധ പഠനങ്ങളും നടത്താതെ തികച്ചും നിയമലംഘനങ്ങളിലൂടെ നൽകിയ ഖനനാനുമതികൾ റദ്ദ് ചെയ്യണമെന്നും പുതിയ അനുമതികൾ നൽകരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 7 വർഷമായി ജനങ്ങൾ പ്രതിഷേധത്തിലാണ്. സമരങ്ങളുടെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന റിലേ സത്യഗ്രഹസമരം 587 ദിവസങ്ങൾ പിന്നിടുന്നു, പ്രതിഷേധങ്ങളും പരാതികളും അവഗണിച്ച് ഖനന പ്രവർത്തനങ്ങളും ക്രഷറുകളും ആരംഭിക്കാനുള്ള നീക്കത്തെ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടാൻ ഒരുങ്ങുകയാണു പ്രദേശവാസികൾ.