ADVERTISEMENT

ചെർക്കള ∙ ദേശീയപാത 66 വികസനത്തിൽ ചെർക്കള – ചട്ടഞ്ചാൽ പാത ദുരന്തസാധ്യത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ഇരുട്ടുകൊണ്ട് ഓട്ട അടച്ചുള്ള പണിയാണ് ഇവിടെ റോഡ് നിർമാണം ഏറ്റെടുത്ത കമ്പനി ചെയ്യുന്നത്. ഷിരൂർ പോലെ അപകട സാധ്യത മേഖലയായി മാറിയിരിക്കുന്നു. ബേവിഞ്ച കുണ്ടടുക്കത്ത് താൻ 1 വർഷം താമസിച്ച വീട് ഉൾപ്പെടെ 2 വീടുകൾ റോഡ് പണിക്കു മണ്ണിടിച്ചിലിനെത്തുടർന്നു അപകട ഭീഷണിയിലാണ്. റോഡിന്റെ വലതും ഇടതും ഭാഗവും  ഭീഷണിയിലാണ്. ഏതു സമയത്തും ഇടിയാൻ സാധ്യതയുള്ള കട്ടിങ്ങിനു സിമന്റ് മിശ്രിതം പൂശി സുരക്ഷിതത്വം ഉറപ്പിക്കാനാവില്ല. കോൺക്രീറ്റ് തന്നെ ചെയ്യണം. ഇവിടെ സർവീസ് റോഡ് പണി തീർത്തു വേണം പ്രധാന റോഡിന്റെ പണി തുടങ്ങാൻ. കള്ളപ്പണി ചെയ്തു ജനങ്ങൾക്കും നാടിനും ദുരിതമുണ്ടാക്കുന്ന നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം ആവശ്യപ്പെട്ടു. 

ചെർക്കള – ചട്ടഞ്ചാൽ ദേശീയപാതയിൽ ബസ് സർവീസുകൾ സാധാരണ പോലെ പുനരാരംഭിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നിർമാണ കമ്പനി, ദേശീയപാത വിഭാഗം അധികൃതരെ ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും  സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്ന തരത്തിലാകണം നിർമാണം. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ  റോഡിനിരുവശവും സർവീസ് റോഡുകൾ ഇല്ല .  ഈ പ്രദേശത്തെ ജനങ്ങൾ എങ്ങനെ സഞ്ചരിക്കും എന്നതിലും വ്യക്തതയില്ല.  ഇതിനും തീരുമാനം ഉണ്ടാകണമെന്ന്  രാജ്മോഹൻ ഉണ്ണിത്താൻ എംപി  നിർദേശം നൽകി. 

കുണ്ടടുക്കത്ത് മുടങ്ങിയ പണി  പുനരാരംഭിച്ചു
ബേവിഞ്ച കുണ്ടടുക്കത്ത് ശനിയാഴ്ച ദേശീയപാത നിർമാണ വിഭാഗത്തിന്റെ മുടങ്ങിയ പണി ഇന്നലെ പുനരാരംഭിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത്  വീടുകൾക്കും മറ്റും സുരക്ഷ ഉറപ്പു വരുത്താൻ ആവശ്യപ്പെട്ട് നാട്ടുകാർ പണി തടഞ്ഞതു കാരണമാണ് അന്നു മുടങ്ങിയത്. ഇടിഞ്ഞ ഭാഗത്ത്സുരക്ഷ ഉറപ്പു വരുത്താൻ സിമന്റ്,  എം സാൻഡ് ചേർന്നുള്ള മിശ്രിതം സ്പ്രേ ചെയ്തു. ഇവിടെ  കോൺക്രീറ്റ് ചെയ്തു കട്ടിങ് ബലപ്പെടുത്തിയ ശേഷം സർവീസ് റോഡിന്റെ പണി തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. പിന്നീട് ആയിരിക്കും പ്രധാന റോഡിന്റെ പണി. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഒരാഴ്ചയിലേറെയായി മുടങ്ങിക്കിടക്കുന്ന ബസ് ഗതാഗതം പുനരാരംഭിക്കുന്നതിനു തടസ്സമില്ലെന്നു നിർമാണ കമ്പനി അധികൃതരും കർമസമിതി ഭാരവാഹികളും പറഞ്ഞു.

English Summary:

NH 66 Development in Cherkala Sparks Safety Concerns, MP Demands Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com