ലോക സാക്ഷരതാ ദിനം ഇന്ന്; തുടർവിദ്യാഭ്യാസത്തിൽ ജില്ലയ്ക്ക് മികവിന്റെ ക്ലാസ്മുറി
Mail This Article
ചിറ്റാരിക്കാൽ ∙ ഇന്ന് ലോക സാക്ഷരതാ ദിനം. പ്രതിസന്ധികൾക്കിടയിലും തുടർവിദ്യാഭ്യാസ പ്രവർത്തന മേഖലയിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കുകയാണ് ജില്ല. ഇന്ന് കാസർകോട് നടക്കുന്ന സാക്ഷരത ദിന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ഇവിടെനിന്നു മാത്രമുള്ള 250 പഠിതാക്കളും പങ്കെടുക്കും. സാക്ഷരതാ മിഷനുകീഴിൽ സജീവമായി പ്രവർത്തിക്കുന്ന 52 തുടർവിദ്യാകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. 4–ാം തരം, 7–ാം തരം, 10–ാം തരം, ഹയർ സെക്കൻഡറി എന്നീ ക്ലാസുകളിലാണ് തുല്യത പരീക്ഷ നടത്തുന്നത്.
കഴിഞ്ഞ വർഷം മാത്രം 325 പേരാണ് ജില്ലയിൽ 4–ാം തരം തുല്ല്യത പരീക്ഷയെഴുതിയത്. 124 പേർ 7–ാം തരത്തിലും പരീക്ഷയെഴുതി. അടുത്തമാസം നടക്കുന്ന 10–ാം തരം തുല്ല്യതയെഴുതാൻ ജില്ലയിൽ കാത്തിരിക്കുന്നത് 620 പേരാണ്. 500 ലധികം പേർ ഈവർഷം ഹയർ സെക്കൻഡറി പരീക്ഷയുമെഴുതും. ജില്ലയിൽ കാസർകോട് നഗരസഭ, ഈസ്റ്റ് എളേരി, മൊഗ്രാൽ പുത്തൂർ, ബളാൽ, ചെറുവത്തൂർ പഞ്ചായത്തുകളിലൊഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും തുടർ വിദ്യാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഡിജിറ്റലായി ജില്ല
ഡിജിറ്റൽ സാക്ഷരതയിലും ജില്ലയിൽ തിളക്കമാർന്ന നേട്ടമാണുണ്ടായത്. സാക്ഷരതാമിഷൻ നേതൃത്വത്തിൽ നടത്തിവരുന്ന ഡിജി കേരള പദ്ധതിയിലൂടെ രാജ്യത്ത് ആദ്യമായി കാസർകോട് ജില്ല സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിക്കഴിഞ്ഞു. 117000 പേരാണ് ജില്ലയിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. പദ്ധതിയുടെ പ്രഖ്യാപനം അടുത്തമാസം കാസർകോട് മുഖ്യമന്ത്രി നിർവഹിക്കും.
ജോലിയുണ്ട്, പക്ഷേ
പ്രതിഫലം തുച്ഛം
വർഷങ്ങളായി തുടർവിദ്യാകേന്ദ്രങ്ങളുടെ ചുക്കാൻ പിടിക്കുന്നത് സാക്ഷരതാ പ്രേരക് മാരാണ്. പഠിതാക്കളെ കണ്ടെത്തൽ, വിവിധ പഞ്ചായത്തുകളിൽ പഠിതാക്കൾക്കു ക്ലാസെടുക്കാനും മറ്റുമുള്ള യാത്രകൾ എന്നിവയ്ക്കെല്ലാം ഇവർക്ക് ഭാരിച്ച തുക ചെലവാകുന്നുണ്ട്. 20 വർഷം മുൻപ് 300 രൂപ പ്രതിമാസ ഹോണറേറിയത്തിൽ ജോലി ചെയ്തു തുടങ്ങിയതാണ് ഇവരിൽ പലരും. ഇപ്പോൾ ഹോണറേറിയം 12000 രൂപയായി ഉയർന്നെങ്കിലും മാസങ്ങളായി ഇതും മുടങ്ങിക്കിടക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലയിടത്തും തുടർ വിദ്യാകേന്ദ്രങ്ങൾക്കു കെട്ടിടവും ഒരുക്കിനൽകിയിട്ടുണ്ട്. പ്രേരക്മാരുടെ ഹോണറേറിയത്തിൽ 60 ശതമാനം സർക്കാരും, 40 ശതമാനം സാക്ഷരതാ മിഷനുമാണ് നൽകുന്നത്. സാക്ഷരതാ മിഷന്റെ വിഹിതമാണ് മുടങ്ങിക്കിടക്കുന്നത്.