ബാങ്ക് അക്കൗണ്ടിലെ ഫോൺ നമ്പർ ഉപയോഗിച്ചും ഓൺലൈൻ തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് 10 ലക്ഷം രൂപ
Mail This Article
കാസർകോട് ∙ ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങ് ആപ്പുകളുമൊന്നുമുപയോഗിക്കാതിരുന്ന ആളുടെ അക്കൗണ്ടിൽ നിന്ന് ഓൺലൈനായി അസം സ്വദേശികൾ തട്ടിയെടുത്തത് 10 ലക്ഷം. പൊലീസിനെ വട്ടം കറക്കിയ കേസിൽ ഒടുവിൽ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 2 പ്രതികളെ പിടികൂടി.കാസർകോട് തളങ്കര സ്വദേശിയുടെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം പോയത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ചേർത്ത മൊബൈൽ നമ്പർ കാലങ്ങളായി ഉപയോഗിക്കാതെ ഡി ആക്ടിവേറ്റഡ് ആയിരുന്നു. മൊബൈൽ കമ്പനികൾക്ക് ഇത്തരം ഫോൺ നമ്പറുകൾ 6 മാസത്തിനു ശേഷം പുതിയ വരിക്കാനു നൽകാം.
ഈ നമ്പർ ലഭിച്ച അസം സ്വദേശികൾ മൊബൈൽ നമ്പറിലേക്ക് ഒടിപി അടക്കമുള്ളവ പ്രയോജനപ്പെടുത്തി പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു. കേസിൽ അസമിലെ മൊരിഗായോൺ സ്വദേശികളായ ആഷിക്കുൾ ഇസ്‌ലാം (19), ഫോയിജുൾ ഹക്ക് (41) എന്നിവരാണ് പിടിയിലായത്.2023 ഏപ്രിൽ ഒന്നിനും 2024 ജൂൺ 30നും ഇടയിലുള്ള സമയത്ത് പല തവണകളായാണ് പണം പിൻവലിച്ചത്. പ്രവാസിയുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഫോൺ പോലും ഉപയോഗിക്കാത്ത ഇദ്ദേഹത്തിന്റെ പണം ഓൺലൈൻ വഴി എങ്ങനെ പിൻവലിച്ചുവെന്നത് തുടക്കത്തിൽപൊലീസിനെ കുഴക്കിയിരുന്നു. എന്നാൽ സൈബർ പൊലീസുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടാക്കാൻ സാധിച്ചത്.
പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിന്റെ ഓൺലൈൻ ഇടപാടുകൾ നടന്നത് മലപ്പുറം, തൃശൂർ ജില്ലകളിൽ വച്ചും അസമിലെ നാഗാവോൺ ജില്ലയിൽ വച്ചുമാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് അന്വേഷണ സംഘം അസമിലെത്തി നടത്തിയ പഴുതടച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് 3 പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. അസം പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പ്രതികൾ കേരളത്തിലേക്ക് കടന്നു കളഞ്ഞതായി മനസ്സിലായി. പിന്നീട് അന്വേഷണ സംഘം മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ 2 പേർ പിടിയിലായി. മറ്റൊരു പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.എസ്ഐ റുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ചന്ദ്രശേഖരൻ, പി.സതീശൻ, പി.വി.ലിനീഷ്, കെ.ടി.അനിൽ, വി.ശ്രീജേഷ്, കെ.എം.സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപകടം എന്താണ്?
നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച പഴയ ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നില്ലെങ്കിൽ അക്കാര്യത്തിൽ ശ്രദ്ധ വേണം. കാരണം നിങ്ങളുടെ പഴയ നമ്പർ വേറെ ആരെങ്കിലും നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒടിപി നമ്പർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ട്.
പരിഹാരം എന്താണ്?
നമ്മുടെ മൊബൈൽ നമ്പറുകൾ 6 മാസത്തിൽ കൂടുതൽ റീ ചാർജ് ചെയ്യാതിരുന്നാൽ ആ കണക്ഷൻ റദ്ദാകും. പിന്നീട് മൊബൈൽ കമ്പനികൾ മറ്റാർക്കെങ്കിലും ഇതേ നമ്പർ കൈമാറും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഈ രീതിയിൽ ഡി ആക്ടിവേറ്റ് ആയിട്ടുണ്ടെങ്കിൽ അവ പുനസ്ഥാപിക്കുന്നതിന് മൊബൈൽ കമ്പനികൾക്ക് അപേക്ഷ കൊടുക്കണം. പഴയ നമ്പർ വീണ്ടെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ബാങ്കിനെ സമീപിച്ച് നിങ്ങളെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ മാറ്റി പുതിയതു ചേർക്കാൻ അപേക്ഷ നൽകണം.