ദുരിതമീയാത്രകൾ; ആയന്നൂർ–കൊല്ലാട റോഡ് നവീകരിക്കാൻ തുക വകയിരുത്തിയെങ്കിലും തുടർനടപടികളില്ല
Mail This Article
കമ്പല്ലൂർ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആയന്നൂർ–കൊല്ലാട റോഡിൽ ദുരിതയാത്ര. നടപ്പുവർഷത്തെ സംസ്ഥാന ബജറ്റിൽ ഈ റോഡ് ഉൾപ്പെടുന്ന ചെമ്മരംകയം–കൊല്ലാട–ആയന്നൂർ–മണക്കടവ് റോഡ് ആധുനീകരിക്കാൻ 5 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഇതിന്റെ തുടർ നടപടികളൊന്നുംതന്നെ ആരംഭിച്ചിട്ടില്ല. 2016 ൽ എംഎൽഎ അസറ്റ് ഫണ്ടുപയോഗിച്ച് 50 ലക്ഷം രൂപ ചെലവിട്ടാണ് ഈ റോഡ് നവീകരിച്ചത്. എന്നാൽ പിന്നീട് അറ്റകുറ്റപണികളൊന്നുംതന്നെ നടത്തിയില്ല. ഇതോടെ റോഡ് പലയിടത്തും തകർന്നു.
ഇതിനുപുറമെ കുടിവെള്ള പദ്ധതിയുടെ പൈപ്‌ലൈൻ സ്ഥാപിക്കാനായി റോഡിൽ പലയിടങ്ങളിലായി തീർത്തകുഴികളും റോഡിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കി. പൈപ്പിടുന്ന സ്ഥലങ്ങളിൽ പിന്നീട് കോൺക്രീറ്റ് ചെയ്താണ് കുഴിയടയ്ക്കുന്നത്. മഴക്കാലത്ത് ഈ ഭാഗങ്ങളിലേയും റോഡ് തകർന്നു.
കൊല്ലാട കയറ്റത്തിലാണ് റോഡ് പൂർണമായും തകർന്നത്. കാൽനടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കുമെല്ലാം ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടായി. സ്കൂൾ ബസുകളുൾപ്പെടെ നിത്യേന നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെ ചെറുപുഴയിൽനിന്നു പാടിയോട്ടുചാൽ, കമ്പല്ലൂർ ഭാഗങ്ങളിലേക്കും, പെരളം, കമ്പല്ലൂർ ഭാഗങ്ങളിൽനിന്നും ചെറുപുഴ ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. കൊല്ലാട കയറ്റത്തിൽ റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.