ADVERTISEMENT

ഇരിയണ്ണി ∙ പുലികൾ ജനവാസ മേഖലയിലിറങ്ങുന്നതു പതിവായിട്ടും വനംവകുപ്പ് നിസ്സംഗത തുടരുകയാണെന്ന ആക്ഷേപം നിലനിൽക്കെ, സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. നേരത്തെ പുലിയിറങ്ങിയ കുണിയേരി, മിന്നംകുളം, മുഗളി തുടങ്ങിയ സ്ഥലങ്ങളിലായി 5 ക്യാമറകളാണ് സ്ഥാപിച്ചത്.രാത്രിയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നവയാണിത്. മുന്നിലൂടെ ഏതു ജീവി പോയാലും അതിന്റെ ചിത്രം തനിയെ പതിയുന്ന രീതിയിലാണ് ക്യാമറകളുടെ പ്രവർത്തനം. മുൻപും പല സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ‌പ്രദേശവാസികളായ ഒട്ടേറെ പേർ നേരിൽ കണ്ടിട്ടും വനംവകുപ്പിന്റെ ക്യാമറയിൽ മാത്രം ദൃശ്യങ്ങൾ പതിഞ്ഞില്ലെന്നു പറയുന്നതിൽ ദുരൂഹത ഉണ്ടെന്ന സംശയം നാട്ടുകാർക്കുണ്ട്.

ക്യാമറയിൽ പതിയുന്ന ചിത്രങ്ങൾ ഓരോ ദിവസവും പരിശോധിക്കാനും ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പയം, കുണിയേരി, മിന്നംകുളം, ദർഘാസ്, ചെറ്റത്തോട്, ബേപ്പ്, മണിയംകോട്, പേരടുക്കം സ്ഥലങ്ങളിലാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പുലിയെ കാണുന്നതു പതിവായത്. വളർത്തു നായ്ക്കളെയും തെരുവുനായ്ക്കളെയും ഓരോ ദിവസവും കാണാതാവുകയും ചെയ്യുന്നു.  മുളിയാർ ചീരംകോട് നിന്നു പശുക്കിടാവിനെ കടിച്ചുകൊല്ലുകയും ചെയ്തു. ഇതോടെ പുലിയെ കൂട് വച്ചു പിടികൂടണമെന്ന ആവശ്യം ശക്തമായി.

‌സ്കൂൾ കുട്ടികൾ അടക്കം നടന്നുപോകുന്ന വഴികളിലാണ് പുലിയെ കണ്ടത് എന്നതു ഗൗരവം വർധിപ്പിക്കുന്നു. 2 പുലിക്കുഞ്ഞുങ്ങളെയും ഒരു വലിയ പുലിയെയും നാട്ടുകാർ കണ്ടിരുന്നു. പ യത്തിലും മിന്നംകുളത്തും വീടുകളുടെ തൊട്ടടുത്തു നിന്നാണ് പട്ടികളെ പിടിച്ചത്. ഇപ്പോൾ തന്നെ നടപടി സ്വീകരിച്ചില്ലെങ്കിൽ പുലികളുടെ എണ്ണം വർധിക്കുകയും ഈ പ്രദേശങ്ങളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കു കാര്യങ്ങൾ എത്തുമെന്ന ആശങ്കയും ജനങ്ങളിലുണ്ട്.

‘കൂടുവച്ചു പിടികൂടാൻ അനുമതിതേടും’
 മുളിയാർ പഞ്ചായത്തിൽ പുലിയിറങ്ങി ഇനിയും വളർത്തുമൃഗങ്ങളെ പിടികൂടുകയാണെങ്കിൽ അതിനെ കൂടുവച്ചു പിടികൂടുന്നതിനുള്ള അനുമതിക്കായി ചീഫ് വൈൽഡ‍് ലൈഫ് വാർഡനെ സമീപിക്കുമെന്ന് ഡിഎഫ്ഒ കെ.അഷ്റഫ്. സ്ഥലത്ത് 4 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ പുലിയുടെ ദൃശ്യം പതിയുകയും ആക്രമണം തുടരുകയും ചെയ്താൽ പിടികൂടാനുള്ള നടപടി സ്വീകരിക്കും.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡ‍പ്രകാരമുള്ള ഒരു സമിതി അവിടെ രൂപീകരിച്ചിട്ടുണ്ട്. ഡിഎഫ്ഒ ചെയർമാനായ സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റ്, സാമൂഹിക വനവൽക്കരണ വിഭാഗം അസി. കൺസർവേറ്റർ, വെറ്ററിനറി ഡോക്ടർ, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ, 2 എൻജിഒ പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളാണ്. ഈ സമിതി യോഗം ചേർന്നായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികൾ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com