സ്വർണ ഇടപാടിൽ പണം നഷ്ടമായി: 2 യുവാക്കളെ പൂട്ടിയിട്ട് മർദിച്ചു; ആറുപേർ അറസ്റ്റിൽ
Mail This Article
പെരിയ ∙ സ്വർണ ഇടപാടിൽ പണം നഷ്ടപ്പെട്ടതിന്റെ വിരോധത്തിൽ തട്ടിക്കൊണ്ടുവന്ന് പൂട്ടിയിട്ട രണ്ടുപേരെ പൊലീസെത്തി മോചിപ്പിച്ചു; ആറുപേരെ അറസ്റ്റ് ചെയ്തു. ദേശീയപാതയിൽ പെരിയ പെരിയാട്ടടുക്കത്തെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നാണ് നീലേശ്വരം കോട്ടപ്പുറത്തെ ഇടക്കാവിൽ ഷെരീഫ്(40), കോട്ടയം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാംമൈലിലെ തട്ടാപറമ്പിൽ ടി.എം.സജി (40) എന്നിവരെ മോചിപ്പിച്ചത്. ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദനമേറ്റ ഇവരെ ഉദുമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ശ്രീകൃഷ്ണപുരം കലാസിയിൽ അജയകുമാർ (36), കാസർകോട് നെല്ലിക്കട്ട സ്വദേശികളായ ഷർമിള മൻസിലിൽ കെ.എച്ച്.സൽമാൻ ഫാരിസ്(22), എ.ജെ.ഹംസത്തുൽ ഖരാർ (ഹംസ–23), മഷറാ മൻസിലിൽ മാജിദ്(23), പെരിയാട്ടടുക്കം ചെരുമ്പ റിഫായി ക്വാർട്ടേഴ്സിലെ മുഹമ്മദ് അഷ്റഫ് (26), മുഹമ്മദ് റംഷീദ്(35) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.
പൊലീസ് പറയുന്നത്: ഷെരീഫും സജിയും ഇടനിലക്കാരായി പഴയ സ്വർണം വാങ്ങാനായി കർണാടകയിലെ ബെളഗാവിയിൽ പോയിരുന്നു. ഇടപാടിൽ കർണാടക സംഘം 7 ലക്ഷം രൂപ കബളിപ്പിച്ചു. തിരികെ മംഗളൂരുവിലെത്തിയ സംഘത്തിനൊപ്പം കൂടുതൽപേർ ചേർന്ന് ശനിയാഴ്ച പുലർച്ചെ മൂന്നോടെ ഷെരീഫിനെയും സജിയെയും കാറിൽ തട്ടിക്കൊണ്ടു വന്ന് മർദിക്കുകയായിരുന്നു. വൈകിട്ടാണ് പൊലീസെത്തി മോചിപ്പിച്ചത്.
ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ 6 പേരെയും റിമാൻഡ് ചെയ്തു. അജയകുമാറിനെതിരെ പാലക്കാട് നെന്മാറ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബേക്കൽ ഡിവൈഎസ്പി വി.വി.മനോജിന്റെ നിർദേശ പ്രകാരം ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ എസ്ഐ ബാവ അക്കരക്കാരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ്, അനിൽകുമാർ, ഡ്രൈവർ സജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.