സോളർ തൂക്കുവേലി: സമ്മതപത്രം വാങ്ങി
Mail This Article
രാജപുരം ∙ റാണിപുരം പെരുതടിയിലെ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടി സോളർ തൂക്കുവേലി സ്ഥാപിക്കുന്നതിന് സമ്മത പത്രം വാങ്ങി. പെരുതടി മുതൽ പുളിംകൊച്ചി തോട് വരെ 2 കിലോമീറ്റർ ദൂരമാണ് വേലി സ്ഥാപിക്കുന്നത്. ഇതിനായി 21 സ്വകാര്യ വ്യക്തികളുടെ സമ്മത പത്രമാണ് ഇന്നലെ വാങ്ങിയത്. 4 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. മരുതോം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ആർ.ബാബു, ബിഎഫ്ഒ കെ.പ്രവീൺ, റിസർവ് ഫോറസ്റ്റ് വാച്ചർ പി.വി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മത പത്രം ശേഖരിച്ചത്. റാണിപുരത്തെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പൊതുപ്രവർത്തകനായ പെരുതടിയിലെ സി.എസ്.സനൽ സോളർ തൂക്കുവേലി സ്ഥാപിക്കുന്നത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.
തുടർന്ന് കലക്ടർ ഈ പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സമ്മതം പത്രം ലഭിച്ചാൽ തൂക്കുവേലി നിർമിക്കാമെന്ന് ഉറപ്പ് നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു, ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്നലെ സ്ഥലം വിട്ട് നൽകുന്നവരുടെ സമ്മത പത്രം വനംവകുപ്പ് ശേഖരിച്ചത്.സോളർ തൂക്കുവേലി നിർമാണം പൂർത്തിയാകുന്നതോടെ പെരുതടി പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരമാകും. നിലവിൽ കാട്ടാനകൾ കൂടുതലായി ഇറങ്ങുന്ന പുളിംകൊച്ചി തോട് മുതൽ ശിവഗിരി വരെ സോളർ വേലി ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. ഇതിന്റെ അറ്റകുറ്റപ്പണിയും ആരംഭിച്ചിട്ടുണ്ട്.