തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 61 പുതിയ വാർഡുകൾ
Mail This Article
കാസർകോട് ∙ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡുകളുടെ പുനർ വിഭജനത്തിനുള്ള വിജ്ഞാപനം ഇറങ്ങി. ജില്ലയിലെ 38 പഞ്ചായത്തുകളിലായി 61 വാർഡുകൾ പുതിയതായി നിലവിൽ വരും. എല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം വർധിക്കുന്നുണ്ട്. മധൂർ പഞ്ചായത്തിലാണ് പുതിയ വാർഡുകൾ കൂടുതൽ. 4 വാർഡുകളാണ് ഇവിടെ അധികം വരുന്നത്. മഞ്ചേശ്വരം, മുളിയാർ പഞ്ചായത്തുകളിൽ 3 വീതം വാർഡുകളും വർധിക്കും. ഇതോടെ ചെമ്മനാട്, ചെങ്കള, മംഗൽപാടി, കുമ്പള,മധൂർ, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകളിൽ 24 വാർഡുകൾ വീതമായി. ബെള്ളൂർ, കുംബടാജെ, വലിയ പറമ്പ(14 വീതം) പഞ്ചായത്തുകളിലാണ് ഏറ്റവും കുറവ് വാർഡുകൾ. പുതിയ വാർഡുകൾ നിലവിൽ വരുന്നതോടെ പഴയ വാർഡുകളുടെ അതിർത്തിയിലും മാറ്റം വരും. സംവരണ വാർഡുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ വർധിക്കും
ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ വർധിച്ച് ആകെ ഡിവിഷനുകൾ 18 ആകും. എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ചു മത്സരം നടക്കുന്ന ജില്ലാ പഞ്ചായത്തിൽ വിജയമുറപ്പിക്കാൻ പുതിയ ഡിവിഷനിലെ വിജയം രണ്ടു കൂട്ടർക്കും നിർണായകമാണ്.നിലവിൽ 17 ഡിവിഷനുകളാണുള്ളത്. ഇതിൽ എൽഡിഎഫ്–7, യുഡിഎഫ്–7, ബിജെപി–2 എന്നിങ്ങനെയാണു കക്ഷിനില. എൽഡിഎഫ് പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്രൻ ഷാനവാസ് പാദൂരിന്റെ പിന്തുണയോടെയാണു എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് നോക്കിയാൽ ഭരണം നിലനിർത്തുക എന്നത് എൽഡിഎഫിനെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണ്. യുഡിഎഫിനും വിജയം അഭിമാന പ്രശ്നമാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും 1–3 വരെ ഡിവിഷനുകൾ വർധിച്ചു.കാസർകോട് ബ്ലോക്കിൽ 3 ഡിവിഷനുകളും കാഞ്ഞങ്ങാട് ബ്ലോക്കിൽ 2 ഡിവിഷനുകളും മഞ്ചേശ്വരം, കാറഡുക്ക, പരപ്പ, നിലേശ്വരം ബ്ലോക്കുകളിൽ ഓരോ ഡിവിഷനുകളും വർധിക്കും.
പഞ്ചായത്ത്, നിലവിലെ വാർഡുകളുടെ എണ്ണം, അധികം വരുന്ന വാർഡുകളുടെ എണ്ണം എന്ന ക്രമത്തിൽ
1. അജാനൂർ– 23. 1.
2. ബദിയടുക്ക–19. 2.
3. ബളാൽ–16. 1.
4. ബേഡഡുക്ക–17. 2.
5. ബെള്ളൂർ–13. 1
6. ചെമ്മനാട്–23. 1.
7. ചെങ്കള–23. 1.
8. ചെറുവത്തൂർ–17. 1.
9. ദേലംപാടി–16. 1.
10. ഈസ്റ്റ് എളേരി–16. 2.
11. എൻമകജെ–17. 1.
12. കള്ളാർ–14. 1.
13. കാറഡുക്ക–15. 1.
14. കോടോം ബേളൂർ–19. 2.
15. കയ്യൂർ ചീമേനി–16. 1.
16. കിനാനൂർ കരിന്തളം–17. 2.
17. കുംബടാജെ–13. 1
18. കുമ്പള–23. 1.
19. കുറ്റിക്കോൽ–16. 1.
20. മധൂർ–20. 4.
21. മടിക്കൈ–15. 1.
22. മംഗൽപാടി–23. 1.
23. മഞ്ചേശ്വരം–21. 3.
24. മീഞ്ച–15. 2.
25. മൊഗ്രാൽ പുത്തൂർ–15. 2.
26. മുളിയാർ–15. 3.
27. പടന്ന–15. 1.
28. പൈവളിഗെ–19. 2.
29. പള്ളിക്കര–22. 2.
30. പനത്തടി–15. 2.
31. പിലിക്കോട്–16. 2.
32. പുല്ലൂർ പെരിയ–17. 2.
33. പുത്തിഗെ–14. 2.
34. തൃക്കരിപ്പൂർ–21. 2.
35. ഉദുമ–21. 2.
36. വലിയ പറമ്പ–13. 1.
37. വോർക്കാടി– 16. 2.
38. വെസ്റ്റ് എളേരി–18. 1.