ADVERTISEMENT

നീലേശ്വരം∙ ടൂറിസം രംഗത്തെ മുരടിപ്പിക്കല്ലേ..... ജില്ലയുടെ ആവേശമായ മഹാത്മാഗാന്ധി ട്രോഫി ജല മേള നടത്തിപ്പിന് അധികൃതർ തയാറകണം എന്ന ആവശ്യം ശക്തമായി. നടത്തിപ്പിന് മുൻകൈ എടുക്കേണ്ട ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പിന്റെയും  മൗനം വലിയ പ്രതിഷേധത്തിന് കാരണമാകുകയാണ്. ജില്ലയുടെ ടൂറിസം മേഖലയിൽ അനന്ത സാധ്യത മുന്നിൽ കണ്ട് കൊണ്ടാണ് നേരത്തെ കാര്യങ്കോട് പുഴയിൽ നടത്തിയിരുന്ന ജലമേള കഴിഞ്ഞ തവണ അച്ചാംതുരുത്തിയിലേക്ക് മാറ്റിയത്. ഇത് വലിയ വിജയമായിരുന്നു. കായൽ ടൂറിസം മേഖലയിൽ വലിയ സാധ്യത പ്രതീക്ഷിക്കുന്ന അച്ചാംതുരുത്തി–കോട്ടപ്പുറം മേഖലയിലേക്ക് മഹാത്മാ ഗാന്ധി ട്രോഫി ജലമേള കൂടി വന്നതോടെ അത് ജില്ലയുടെ തന്നെ ഉത്സവമായി മാറി. 

നീലേശ്വരം നഗരസഭ,ചെറുവത്തൂർ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജലമേള നടത്തിയിരുന്നത്. എം.രാജഗോപാലൻ എംഎൽഎ നടത്തിപ്പിന് നേതൃത്വം നൽകി. കേരള പിറവി ദിനത്തിൽ നാടിന് ആവേശമായി നടന്ന ജലമേളയുടെ നടത്തിപ്പിന് ഇത്തവണ അനക്കം ഒന്നും ഇല്ലാതായതാണ് ജനങ്ങൾക്കിടയിൽ ആശങ്ക വളർത്തുന്നത്. തെക്കൻ കേരളത്തിന് നെഹ്റു ട്രോഫി പോലെയാണ് വടക്കൻ കേരളത്തിന് മഹാത്മാ ഗാന്ധി  ട്രോഫി ജലമേള. അത് കൊണ്ട് തന്നെ നെഹ്റു ട്രോഫി ജലമേള നടത്താൻ സർക്കാർ‍ തയാറായ സാഹചര്യത്തിൽ മഹാത്മ ഗാന്ധി ട്രോഫി ജലമേളയും നടത്തണം എന്ന ആവശ്യം ശക്തമാകുന്നത്.

‘കാര്യങ്കോട് പുഴയിൽ ചാംപ്യൻസ് ട്രോഫി മത്സരം നടത്തണം ’
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പുഴകളിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന മലബാർ ബോട്ട് ക്ലബ് റൈസ്  ലീഗ് ചാംപ്യൻസ് ട്രോഫി ജില്ലയിൽ നടത്തണം എന്ന ബോട്ടു ക്ലബുകളുടെ ആവശ്യം അടുത്ത വർഷം  പരിഗണിക്കുമെന്ന് കഴിഞ്ഞ തവണ ടൂറിസം വകുപ്പ് മന്ത്രി മുഹമദ് റിയാസ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ചാംപ്യൻസ് ട്രോഫിക്ക് തുക അനുവദിച്ച സാഹചര്യത്തിൽ കാര്യങ്കോട് പുഴയിൽ ചാംപ്യൻസ് ട്രോഫി മത്സരം നടത്തണം എന്നാണ് കായിക പ്രേമികൾ ആവശ്യപ്പെടുന്നത്.

 കഴിഞ്ഞ രണ്ട് തവണ മറ്റ് ജില്ലകളിൽ ചാംപ്യൻസ് ട്രോഫി നടത്തിയപ്പോൾ അതിൽ പങ്കെടുത്ത എല്ലാ ടീമുകളുടെ കാസർകോട് ജില്ലയിലെ വള്ളംകളി ടീമുകൾ ആയിരുന്നു. മറ്റ് ജില്ലകളിൽ പോയി കായികപ്രേമികൾക്ക് ആവേശം പകരുന്ന ഇവിടത്തെ ടീമുകൾക്ക് സ്വന്തം നാട്ടിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

കരയിൽ കിടക്കുന്നത് ലക്ഷങ്ങളുടെ വള്ളങ്ങൾ
മത്സരം നടന്നില്ലെങ്കിൽ എല്ലാം നശിക്കുമെന്ന ആശങ്കയുണ്ട്.ജില്ലയിൽ പ്രവർത്തിക്കുന്ന ബോട്ട് ക്ലബ്ബുകൾക്ക് 18 ചുരുളൻ വള്ളങ്ങളാണ് ജില്ലയിൽ ഉള്ളത്. തീരദേശ മേഖലയിൽ ഓരോ ഗ്രാമങ്ങൾക്കും ബോട്ട് ക്ലബ്ബുകളുണ്ട്. അത് കൊണ്ട് തന്നെ 16 ലക്ഷം രൂപ വരെ മുടക്കിയാണ് ഇവർ മത്സരത്തിനായി ചുരുളൻ വള്ളങ്ങൾ നിർമിക്കുന്നത്. ആലപ്പുഴയിൽ നിന്നും മറ്റും തച്ചുശാസ്ത്ര വിദഗ്ധരായ ആളുകൾ വന്നു ഗ്രാമങ്ങളിൽ വന്ന് താമസിച്ചാണ് വള്ളങ്ങൾ നിർമിച്ചത്. ഇത്തവണയും ചുരുളൻ വള്ളം നീറ്റിലിറക്കി. രണ്ട് ചുരുളൻ വള്ളങ്ങൾ പണിപ്പുരയിലാണ്.

 ഇത്തരത്തിൽ ജലമേളയെ നെഞ്ചേറ്റിയ കാസർകോടിന്റെ മണ്ണിൽ ഇത്തവണ ജലമേള നടന്നില്ലെങ്കിൽ അത് ലക്ഷങ്ങളുടെ നഷ്ടങ്ങൾക്ക് വഴിവയ്ക്കും എന്നാണ് കായിക പ്രേമികൾ പറയുന്നത്.

English Summary:

This article highlights the growing demand for organizing the Mahatma Gandhi Trophy Boat Race in Nileshwaram, Kerala. It emphasizes the event's importance for tourism, local communities, and the preservation of traditional boat racing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com