മടിക്കൈ പഞ്ചായത്തിൽ മനുഷ്യനിർമിത പ്രാചീന ഗുഹകൾ കണ്ടെത്തി
Mail This Article
നീലേശ്വരം∙ മടിക്കൈ പഞ്ചായത്തിലെ എരിപ്പിൽ, കോടോം-ബേളൂർ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളിൽ മനുഷ്യനിർമിത ഗുഹകൾ കണ്ടെത്തി. ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര അധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം എന്നിവർ രണ്ട് പഞ്ചായത്തുകളിലായി നടത്തിയ നിരീക്ഷണങ്ങളിലാണ് മനുഷ്യ നിർമിതമായ ഗുഹകൾ തിരിച്ചറിഞ്ഞത്.
ചെങ്കൽപ്പാറ തുരന്ന് നിർമിച്ച ഗുഹകൾക്ക് സമീപത്ത് മഹാ ശില കാലഘട്ടത്തിലെ സംസ്കാരത്തിന്റെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ ഉണ്ടെന്നതും ഗുഹകളുടെ നിർമാണ രീതിയും മഹാ ശില കാലഘട്ടവുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്. ജില്ലയിലെ മലയോരങ്ങളിൽ സോയിൽ പൈപ്പിങ് പ്രതിഭാസത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ട ഒട്ടേറെ പ്രകൃതിദത്ത ഗുഹകളും ജലസേചനത്തിനായി നിർമിച്ച സുരങ്കങ്ങളും ഉണ്ടെങ്കിലും നൂറ്റാണ്ടുകൾക്ക് മുമ്പ് അധിവാസത്തിന്റെ ഭാഗമായി മനുഷ്യർ നിർമിച്ച ഗുഹകൾ ഇതുവരെയും കണ്ടെത്തിയിരുന്നില്ല.
മടിക്കൈ പഞ്ചായത്തിലെ എരിപ്പിലിൽ അഞ്ച് ഗുഹകളാണ് കണ്ടെത്തിയത്. ഗുഹകൾ പൊതു സ്ഥലത്താണ് ഉള്ളത്. ബാനത്ത് മൂന്നു ഗുഹകളാണ് മനുഷ്യ നിർമിതമെന്ന് തിരിച്ചറിഞ്ഞത്.ഇതിൽ ഒരു ഗുഹ പത്ത് അടി നീളവും പത്ത് അടി വീതിയുമുള്ളതാണ്. മഹാശില സ്മാരകങ്ങൾക്ക് സമീപത്തായി മനുഷ്യനിർമിതമായ ഗുഹകൾ കാണപ്പെടുന്നത് പുരാവസ്തു വകുപ്പ് പഠന വിധേയമാക്കിയാൽ കേരളത്തിന്റെ തന്നെ ചരിത്രത്തിൽ പുതിയ ഏടുകൾ ചേർക്കപ്പെടുമെന്ന് നന്ദകുമാർ പറഞ്ഞു.