നീലേശ്വരം സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 10 ലക്ഷം തട്ടി
Mail This Article
നീലേശ്വരം ∙ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിയത് 10 ലക്ഷം രൂപ. 8 ഗ്രാമിന്റെ വളയിൽ പൂശിയത് രണ്ടരഗ്രാം സ്വർണം. മറ്റ് ഭാഗങ്ങളെല്ലാം അലുമിനിയം. കഴിഞ്ഞ ദിവസം തിമിരി സഹകരണ ബങ്കിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചവരെ പിടികൂടിയതോടെയാണ് മറ്റു ബാങ്കുകളും അവരുടെ പണയപ്പെടുത്തിയ സ്വർണാഭരണങ്ങൾ പരിശോധിക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി നീലേശ്വരം സഹകരണ ബാങ്ക് പണയപ്പെടുത്തിയ വളകൾ മുഴുവൻ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടങ്ങള്‍ തിരിച്ചറിഞ്ഞത്. പൈപ്പുവളകൾ എന്ന് വിളിക്കുന്ന വളകളിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി പണം തട്ടിയത്. ഇതിന് പിന്നിൽ വടകര ലോബിയാണെന്ന നിഗമനത്തിലാണ് ബാങ്ക് അധികൃതര്‍.
ബാങ്കിലെ ഇടപാടുകാർ വഴി മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി പണം തട്ടുന്നതാണത്രെ ഇവരുടെ ശൈലി. ഇത്തരത്തിൽ പണയപ്പെടുത്തുന്ന മുക്കുപണ്ടങ്ങൾ പണയപ്പെടുത്തിയ കാലാവധിയിൽ പുതുക്കി വയ്ക്കുകയും ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ, നീലേശ്വരത്ത് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ പ്രതികൾ വീണ്ടുമെത്തി കൂടുതൽ തുകയ്ക്ക് പണയം വച്ചെന്നാണ് പറയുന്നത്. ഇത്തരത്തിൽ 10 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. പാലത്തടത്തെ രാജേഷ്, കടിഞ്ഞിമൂലയിലെ സുമേഷ്, സുനിൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇത്തരത്തിൽ വ്യാപകമായ തട്ടിപ്പ് വന്നതോടെ മുക്കുപണ്ടം കണ്ടെത്തുന്നതിനുള്ള പുതിയ യന്ത്രം വാങ്ങിയിരിക്കുകയാണ് നീലേശ്വരം സഹകരണ ബാങ്ക്. ബാങ്കിന്റെ എല്ലാ ശാഖയിലും ഈ യന്ത്രം സ്ഥാപിക്കുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
മുക്കുപണ്ടം തട്ടിപ്പ്: ഹൊസ്ദുർഗിൽ നാലുകേസ്
കാഞ്ഞങ്ങാട് ∙ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് നാലു കേസെടുത്തു. ഹൊസ്ദുർഗ് ബാങ്കിൽ നിന്നു 5.93 ലക്ഷം തട്ടിയെടുത്തതിനാണ് നാലുപേർക്കെതിരെ കേസ്. ഹൊസ്ദുർഗ് സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിലാണ് മുക്കുപണ്ടം പണയംവച്ചു പണം തട്ടിയത്. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലും ആറങ്ങാടി ബ്രാഞ്ചിലും നാലു വളകൾ പണയപ്പെടുത്തി 69,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറേ പനങ്കാവിൽ കെ.ബാബുവിനെതിരെയും മെയിൻ ബ്രാഞ്ചിൽ നിന്നു തന്നെ മൂന്ന് വളകൾ പണയപ്പെടുത്തി 177000 രൂപ തട്ടിയെടുത്തയെന്ന പരാതിയില്‍ ആറങ്ങാടി നിലാങ്കര വി.കെ.ഹൗസിൽ അഷ്റഫ് പഴയപാട്ടില്ലത്തിനെതിരെയുമാണ് ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തത്. ബാങ്കിന്റെ ഹൊസ്ദുർഗ് സായാഹ്ന ശാഖയിൽ നാലു വളകൾ പണയപ്പെടുത്തി 2,77,700 രൂപ തട്ടിയെടുത്തിനും ആറങ്ങാടി ബ്രാഞ്ചിൽ 4 വളകൾ പണയപ്പെടുത്തി 1,32,000 രൂപയും തട്ടിയെടുത്തതിനും ആറങ്ങാടി വടക്കൻ വീട്ടിൽ മുഹമ്മദ് റിയാസിന് എതിരെയും ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.