ലഹരിക്കെതിരെ നടപടി വേണം: ജില്ലാ വികസന സമിതി യോഗം
Mail This Article
കാസർകോട് ∙ ജില്ലയിൽ വർധിക്കുന്ന ലഹരി വിൽപന, കടത്ത് എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ലഹരി ഉൽപന്നങ്ങളുടെ വിപണനം വ്യാപകമാകുന്ന സാഹചര്യത്തിൽ അത് തടയാൻ കൃത്യമായ ഇടപെടൽ ആവശ്യമാണെന്ന് എം. രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലയിൽനിന്നു പുറത്തുള്ളവർ ലഹരി ഉൽപന്നങ്ങൾ വാങ്ങിക്കാൻ കാസർകോട് എത്തുന്നുവെന്ന ആരോപണവും ജില്ലയിൽ എത്തിക്കുന്നതിനായി വൻ സംഘവും പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പരിശോധന കൂടുതൽ കർശനമാക്കാൻ എക്സൈസിനോടു നിർദേശിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ചു കലക്ടർ കെ.ഇമ്പശേഖർ പറഞ്ഞു.
∙ദേശീയ പാതയിൽ നടത്തുന്ന പ്രവൃത്തികളുടെ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് നിർമാണ കരാർ ഏജൻസിയോട് കലക്ടർ ആവശ്യപ്പെട്ടു.
∙മലയോര ഹൈവേയിലെ കാറ്റാം കവലയിൽ റോഡ് നവീകരണത്തിനായി ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും റോഡ് കോൺക്രീറ്റ് ചെയ്യുമെന്നും കെആർഎഫ്ബി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
∙രാമഞ്ചിറ പാലം, ദേശീയ പാതയിൽ വീരമലക്കുന്ന് എന്നിവയ്ക്ക് സമീപത്തുള്ള മയ്യിച്ച വളവിൽ സർവീസ് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടു.
∙ തൃക്കരിപ്പൂർ ഫയർ സ്റ്റേഷൻ നിർമാണത്തിന് കാലതാമസം കൂടാതെ സ്ഥലം ലഭ്യമാക്കണം. കയ്യൂരിൽ ഉദ്ഘാടനം നടത്തിയ വില്ലേജ് ഓഫിസ് വേഗത്തിൽ പ്രവർത്തനം തുടങ്ങണമെന്നു യോഗത്തിൽ ആവശ്യം ഉയർന്നു.
പട്ടികവർഗക്കാരുടെ ഭൂപ്രശ്‌നങ്ങൾ പരിശോധിക്കണം
ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഇല്ലാത്ത ഭൂരഹിത ഭവന രഹിത പട്ടികവർഗക്കാരുടെ ഭൂമി സംബന്ധിച്ച അപേക്ഷകൾ കൂടുതൽ ഗൗരവത്തോടെ പരിശോധിക്കണമെന്നും റീസർവേ നടക്കുന്നതും നടന്നതുമായ വില്ലേജുകളിലുള്ള ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചശേഷം ഗുണഭോക്താക്കൾക്ക് നൽകിയ ഭൂമിയും റീസർവേയിൽ ഉൾപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉന്നയിച്ച വിഷയത്തിലാണ് കലക്ടർ നിർദേശിച്ചത്.
∙വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളിൽ എൽഎ പട്ടയം സംബന്ധിച്ച അപേക്ഷകൾ നവംബർ ഒന്നിനകം പൂർത്തീകരിച്ച് എൽഎ പട്ടയങ്ങൾ പൂർണമായും നൽകുന്ന സംസ്ഥാനത്തെ തന്നെ ആദ്യ താലൂക്കുകളായി മാറണമെന്നും കലക്ടർ നിർദേശിച്ചു. പട്ടിക വർഗ വിഭാഗക്കാർ നേരത്തെ നൽകിയ അപേക്ഷകളിൽ നിരസിച്ചവ പുനഃപരിശോധിച്ച് അർഹരായവർക്ക് ഭൂമി നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
∙ബസ് ഫെയർ സ്റ്റേജ് അപാകത പരിഹരിക്കാൻ ആവശ്യമായ നടപടികൾ വേണമെന്നും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പുനഃസ്ഥാപിക്കണമെന്നും ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും എംഎൽഎ പറഞ്ഞു.
ഹൊസ്ദുർഗ് – പാണത്തൂർ റോഡ് ഉൾപ്പെടെ പ്രവൃത്തികൾ ഏറ്റെടുത്ത ശേഷം സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാതെ നീട്ടുന്നത് കരാറുകാർ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.
∙കെഎസ്ഇബി ബില്ല് കന്നഡ ഭാഷയിൽ കൂടി ലഭ്യമാക്കണം.
ലൈഫ് മിഷൻ പാർപ്പിട സമുച്ചയം
ലൈഫ് പാർപ്പിട സമുച്ചയം ഉടൻ കൈമാറണമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. ഒക്ടോബർ 15ന് അകം പൂർത്തിയാകുമെന്ന് നവകേരളം കർമ പദ്ധതി ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.
∙ ദേശീയപാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് കരാർ പ്രകാരം നിർമിക്കേണ്ട ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പട്ടിക ബന്ധപ്പെട്ട എംഎൽഎമാരും മറ്റു ജന പ്രതിനിധികളുമായി ചർച്ച നടത്തി അന്തിമ രൂപം തയാറാക്കി മാത്രമേ എൻഎച്ച്എഐയുടെ അനുമതിക്കായി നൽകാൻ പാടുള്ളൂവെന്ന് കലക്ടർ നിർദേശിച്ചു.
∙6 തദ്ദേശ സ്ഥാപനങ്ങളിൽ 11 കരിങ്കൽ ക്വാറികൾ നിയമാനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും 3 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 21 ചെങ്കൽ ക്വാറികൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി ക്വാറി പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമകൾക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും എൽഎസ്ജിഡി അസി ഡയറക്ടർ അറിയിച്ചു.എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നഗരസഭ അധ്യക്ഷൻമാരായ ടി.വി.ശാന്ത, അബ്ബാസ് ബീഗം, സബ് കലക്ടർ പ്രതീക് ജെയ്ൻ, ജില്ലാ പ്ലാനിങ് ഓഫിസർ ടി.രാജേഷ് എന്നിവർ പ്രസംഗിച്ചു.