കാസർകോട് –കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ അറ്റകുറ്റപ്പണി തീരാൻ 6 ദിവസം കൂടി
Mail This Article
കാസർകോട്∙ മഴ വില്ലനായി, 10 ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കി തുറക്കാൻ നിശ്ചയിച്ച് അടച്ചിട്ട കാസർകോട് –കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചന്ദ്രഗിരി ജംക‍്ഷൻ മുതൽ പുലിക്കുന്ന് ഐവർ ഭഗവതി ജംക‍്ഷൻ വരെയുള്ള റോഡിലെ പ്രവൃത്തി പൂർത്തിയാകാൻ ഇനി 6 ദിവസം കൂടി വേണമെന്നു അധികൃതർ. ഇതിലൂടെയുള്ള ഗതാഗതം നിയന്ത്രണം ഒക്ടോബർ 5 വരെ തുടരുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കഴിഞ്ഞ 19 നായിരുന്നു പാത അടച്ചിട്ട് പ്രവൃത്തി തുടങ്ങിയത്. 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കനായിരുന്നു നിശ്ചയിച്ചത്.
എന്നാൽ ഇതിനിടെ പെയ്ത മഴയിൽ ഇന്റർലോക്ക് പാകുന്നതിനു മുന്നോടിയായി ഇട്ട കോൺക്രീറ്റ് മിക്സ് 2 തവണയിലേറെ മാറ്റി. ഇട്ട കോൺക്രീറ്റ് ഉറയ്ക്കാതെ അതിനു മുകളിൽ ഇന്റർലോക്ക് പാകിയാൽ വാഹനങ്ങൾ പോയാൽ മണിക്കൂറിനുള്ളിൽ തന്നെ ഇളകാൻ സാധ്യത ഏറെയുള്ളതിനാലാണ് കോൺക്രീറ്റ് മിക്സ് മാറ്റിയത് .മഴ പെയ്യുമ്പോൾ തന്നെ ഉറവയിലൂടെ വെള്ളം ഒഴുകുന്നു. ഇതു പരിഹരിക്കാൻ ഉറവുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്. നിലവിൽ 2500 സ്ക്വയർ ഫീറ്റ് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ഇനി നാലായിരത്തിലേറെ സ്ക്വയർ ഫീറ്റാണ് ഇന്റർലോക്ക് ചെയ്യാൻ ബാക്കിയുള്ളത്.
ഇന്റർലോക്ക് ഇട്ടാൽ അതിലേക്കുള്ള ജോയിന്റ മിശ്രിതം ചേർത്തു കഴിഞ്ഞാൽ ചുരുങ്ങിയത് 4 ദിവസം എങ്കിലും വാഹനം പോകാൻ പാടില്ല. എന്നാൽ ഒക്ടോബർ 3 മുതൽ നവരാത്രി ആഘോഷം തുടങ്ങുന്നതിനു മുൻപേ അടച്ചിട്ട റോഡ് തുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പുലിക്കുന്ന് ജഗദംബ ക്ഷേത്രത്തിനു ചേർന്നുള്ള റോഡിലൂടെ നിലവിൽ വാഹനം പോകുന്നത്. ഉത്സവം തുടങ്ങിയാൽ ഇതിലൂടെ മുഴുവൻ വാഹനങ്ങൾ പോകാൻ തുടങ്ങിയാൽ ക്ഷേത്രത്തിൽ എത്തുന്നവർക്കു പ്രയാസമാകുമെന്നു ക്ഷേത്ര ഭാരവാഹികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മഴ പെയ്തില്ലെങ്കിൽ പ്രവൃത്തി പൂർത്തിയാക്കി ഉടൻ തുറക്കുമെന്നും എന്നാൽ തുടർച്ചയായി മഴ പെയ്താൽ പ്രവൃത്തി താൽക്കാലികമായി നിർത്താനും അധികൃതർ ആലോചിക്കുന്നുണ്ട്.
പള്ളത്ത് തകർന്ന കലുങ്കിന്റെ നിർമാണം തുടങ്ങി
പാലക്കുന്ന്∙ കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഉദുമ പള്ളത്ത് രണ്ടു മാസത്തിലേറെയായി തകർന്ന കലുങ്കിന്റെ നിർമാണ പ്രവൃത്തി തുടങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെ കലുങ്കിലെ കുഴിയിൽ കാർ വീണു നിയന്ത്രണം അപകടത്തിൽപ്പെട്ടതിനെ തുടർന്നു പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ തുടങ്ങേണ്ട പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങിയത്. കലുങ്ക് നിർമിക്കുന്നതിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുണ്ട്.കലുങ്കിന്റെ ഒരു ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കി മറു ഭാഗത്ത് കൂടി വാഹനങ്ങൾ കടത്തി വിടാനാണ് ആലോചിക്കുന്നത്. കലുങ്കിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ 6 മാസം വരെ കാലാവധി ഉണ്ടെങ്കിൽ മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്നു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ആവശ്യപ്പെട്ടിട്ടുണ്ട്. കലുങ്കിന്റെ നടുവിൽ പ്രത്യക്ഷപ്പെട്ട പാതാളക്കുഴിയിൽ വീണ് ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്.