6 വർഷമായി സിജോയ്ക്ക് മഴക്കണക്ക് മനക്കണക്ക്...
Mail This Article
സുള്ള്യ ∙ ഈ മഴക്കൊരു കണക്കുണ്ടോ എന്ന് സിജോ ഏബ്രഹാമിനോട് ചോദിച്ചാൽ പറയും 6 വർഷമായി കല്ലാജെയിൽ പെയ്യുന്ന മഴയുടെ കണക്ക് തന്റെ കയ്യിൽ ഭദ്രമെന്ന്. സുള്ള്യ താലൂക്കിലെ നാൽക്കൂർ ഗ്രാമത്തിലെ നടുഗല്ലിനു സമീപം കല്ലാജെയിലെ ആരിശ്ശേരിൽ സിജോ ഏബ്രഹാം 2018 മേയ് 25 മുതൽ പ്രദേശത്തു പെയ്യുന്ന മഴയുടെ അളവ് രേഖപ്പെടുത്തുന്നു. വീടിനു സമീപം സ്‌ഥാപിച്ച മഴമാപിനിയിൽ ശേഖരിക്കുന്ന മഴവെള്ളം അളന്നു രേഖപ്പെടുത്തി എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് മഴ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തുന്നത് സിജോയ്ക്ക് പതിവാണ്.
കൂടാതെ, മൊബൈൽ ആപ്പിലും സേവ് ചെയ്യും.സുള്ള്യ താലൂക്കിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കല്ലാജെ. ഈ അധിക മഴയുടെ ലഭ്യത തന്നെയാണ് മഴ അളക്കാൻ ഈ കർഷകനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ 49 വർഷമായി മഴയെ രേഖപ്പെടുത്തുന്ന സുള്ള്യ ബാളിലയിലെ കർഷകൻ പി.ജി.എസ്.എൻ.പ്രസാദ് മഴമാപിനി സ്ഥാപിക്കാൻ ആവശ്യമായ നിർദേശങ്ങളും സഹായവും നൽകി.
മഴ കണക്കുകളിലൂടെ
സിജോയുടെ മഴ കണക്കുപുസ്തകത്തിൽ നോക്കിയാൽ ദിവസം, ആഴ്ച, മാസം, വർഷം എന്നിങ്ങനെ അധികം മഴ അല്ലെങ്കിൽ, കുറവ് മഴ തുടങ്ങിയവ കൃത്യമായി മനസ്സിലാക്കാം. കല്ലാജെ പ്രദേശത്ത് ഈ വർഷം ഇന്നലെ വരെ 5,830 മിലി മീറ്റർ മഴ പെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2018 മേയ് 25 മുതൽ തുടങ്ങി ഡിസംബർ 31 വരെ 5000 മി.മി. മഴ ലഭിച്ചു. 2019ൽ 6001 മി.മി, 2020ൽ 5374 മി.മി, 2021ൽ 5,781 മി.മി, 2022ൽ 7558 മി.മി, 2023ൽ 4799 മി.മി. മഴ ലഭിച്ചെന്ന് സിജോ പറയുന്നു. 1983ൽ കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്തുനിന്ന് കല്ലാജെയിലേക്ക് കുടിയേറിയതാണു സിജോയുടെ കുടുംബം. ഏബ്രഹാം, മേരി ദമ്പതികളുടെ മകനാണ് സിജോ. സിജോ വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ ഭാര്യ രമ്യയും മക്കളായ അലൻ, അൽന എന്നിവരും മഴമാപിനി അളന്ന് പുസ്തകത്തിൽ രേഖപ്പെടുത്തും.
കർഷകർക്ക് ഗുണകരം
സുള്ള്യ താലൂക്കിൽ ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കർഷകർ ഇങ്ങനെ മഴയുടെ കണക്കു ശേഖരിച്ച് രേഖപ്പെടുത്തുന്നു. ഇവർ ശേഖരിച്ച വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പു വഴിയും മറ്റും പങ്കുവയ്ക്കും. മഴയുടെ അളവ് കൃഷിക്കു ഗുണകരമാണെന്ന് സിജോ പറയുന്നു. അടയ്ക്ക, റബർ തുടങ്ങി കർഷകർക്ക് ഇത് പ്രയോജനം ചെയ്യുന്നു. പലരും ഇങ്ങനെ മഴ ലഭ്യതയെ കുറിച്ചും മഴയുടെ കണക്കിനെക്കുറിച്ചു ദിവസവും ചോദിക്കാറുണ്ടെന്നും സിജോ പറയുന്നു.