മുഖംമിനുക്കാൻ പാലക്കുന്ന് ടൗൺ; ഇന്റർലോക്ക് പാകുന്ന ആദ്യഘട്ട പദ്ധതിക്ക് തുടക്കം
Mail This Article
പാലക്കുന്ന് ∙ തദ്ദേശീയ– വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ പാലക്കുന്ന് ടൗൺ സൗന്ദര്യവൽക്കരിക്കുന്നു. ബേക്കൽ ടൂറിസത്തിന്റെ ഭാഗമായി ദിവസേന നൂറുകണക്കിനു സഞ്ചാരികൾ എത്തുന്ന പാലക്കുന്നിലാണ് ക്ലീൻ ആൻഡ് ബ്യൂട്ടി ഉദുമ പദ്ധതിയുടെ ഭാഗമായി സൗന്ദര്യവൽക്കരണ പദ്ധതികൾ നടപ്പാക്കുന്നത്.ആദ്യഘട്ടമായി സംസ്ഥാന പാതയിൽ പാലക്കുന്നിലെ ഡിവൈറിലെ ഒഴിഞ്ഞ സ്ഥലം ഇന്റർലോക്ക് കട്ടകൾ പാകിമോടി പിടിപ്പിക്കുന്ന പണി ആരംഭിച്ചു. കോട്ടിക്കുളം ഗവ. യുപി സ്കൂൾ മുതൽ ബേക്കൽ പാലസ് ഹോട്ടലിന് തൊട്ടരികെ വരെയും കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ ഗേറ്റ് മുതൽ അംബിക ഓഡിറ്റോറിയം വരെയും വൃത്തിയും വെടിപ്പുമുള്ള നഗരമായി നിലനിർത്തും.പൊതുസ്ഥലങ്ങളിൽ ചവറ്റുതൊട്ടികൾ, പൂന്തോട്ടങ്ങൾ, പാർക്കിങ് ക്രമീകരണം, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, കുടിവെള്ള സൗകര്യം, നിരീക്ഷണ ക്യാമറകൾ, വൈഫൈ എന്നിവ സ്ഥാപിക്കും.
സഹകരിക്കാൻ ഒട്ടേറെ കരങ്ങൾ
വ്യാപാരികൾ, ഓട്ടോ, ടാക്സി, ടെംപോ, ചുമട്ടുതൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടനകൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ, ക്ഷേത്ര, മസ്ജിദ് കമ്മിറ്റികൾ തുടങ്ങിയവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവൃത്തികൾക്കായി വിവിധ ബാങ്കുകളുടെയും വൻകിട സ്ഥാപനങ്ങളുടെയും സിഎസ്ആർ ഫണ്ടുകളും ഉപയോഗിക്കും. പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് സമിതിയുടെ കീഴിൽ കമ്മിറ്റിയുമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, അംഗങ്ങളായ സൈനബ അബൂബക്കർ, യാസ്മിൻ റഷീദ്, വിനയകുമാർ, ജലീൽ കാപ്പിൽ, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, കോട്ടിക്കുളം ജുമാ മസ്ജിദ് പ്രസിഡന്റ് കാപ്പിൽ പാഷ, പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ എന്നിവർക്ക് പുറമേ പാലക്കുന്നിൽ കുട്ടി (ചെയ.), എം.എസ്. ജംഷീദ് (വർക്കിങ് ചെയ.), മുരളി പള്ളം, ശശി ലയ്ത്ത്, ശശി വടക്ക് വീട്, ശശി ചാപ്പയിൽ(വൈ. ചെയ.) ദിവാകരൻ ആറാട്ടുകടവ് (കൺവീനർ)), വസിം പാലക്കുന്ന്, അച്യുതൻ കൊട്ടയാട്ട്, ഗിരീശൻ(ജോ. കൺ.), പ്രമോദ് മൂകാംബിക (ട്രഷറർ) എന്നിവരും കമ്മിറ്റിയുടെ നേതൃത്വത്തിലുണ്ട്.