ADVERTISEMENT

ബേക്കൽ ∙ ബേക്കൽ കോട്ടയിൽ സുര്യാസ്തമയം കാണാൻ വൈകിട്ട് 6.30വരെ പ്രവേശനം ദീർഘിപ്പിച്ചെങ്കിലും ബേക്കൽ ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് പ്രവേശന സമയം രാത്രി 9 വരെ നീട്ടണമെന്ന് ആവശ്യം.4 നൂറ്റാണ്ട് പഴക്കമുള്ള ബേക്കൽ കോട്ടയിൽ രാത്രിയിലും വിസ്മയ കാഴ്ച അനുഭവിക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പ് അനുവദിക്കുമോ? വിവിധ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി അത്തരമൊരു തീരുമാനം അധികൃതരിൽ നിന്നുണ്ടായാൽ അത് ബേക്കൽ ടൂറിസത്തിന്റെ മുഖഛായ തന്നെ മാറ്റും.ബേക്കൽ കോട്ട നിർമിച്ച കാലഘട്ടത്തിൽ തന്നെ സൂര്യാസ്തമയം ആസ്വദിക്കാൻ കടലിലേക്ക് തള്ളി നിൽക്കുന്ന വൃത്താകൃതിയിലുള്ള ഇരിപ്പിടം ഉണ്ടായിരുന്നു. 3 പതിറ്റാണ്ടു മുൻപാണ് കോട്ടയുടെ കവാടത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ച് പ്രവേശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കോട്ട കാണാൻ നിത്യവും എത്തുന്ന നൂറു കണക്കിന് സഞ്ചാരികളുടെ ദീർഘകാല ആവശ്യമായിരുന്നു കോട്ടയിലെ സന്ദർശക സമയം നീട്ടുക എന്നത്. 

bakel

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബേക്കൽ കോട്ടയും ടൂറിസം പദ്ധതി പ്രദേശവും സന്ദർശിച്ച ടൂറിസം സാംസ്കാരിക ഗതാഗത വികസന കാര്യ ചുമതലയുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുൻപാകെ ജില്ലാ ഭരണാധികാരികൾ, ഡിടിപിസി, ടൂറിസം വകുപ്പ് അധികൃതർ ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മലയാള മനോരമയും ഇക്കാര്യത്തിനായി ക്യാംപെയ്ൻ നടത്തിവരികയായിരുന്നു.വൈകിയാണെങ്കിലും സൂര്യാസ്തമയം വരെ സന്ദർശന സമയം നീട്ടി ലഭിച്ചിരിക്കയാണ് ഇപ്പോൾ. മുടങ്ങിക്കിടക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ വൈകിട്ട് 7ന് പുനരാരംഭിക്കുന്നതിനു കൂടി സംവിധാനം ഏർപ്പെടുത്തിയാൽ രാത്രിയിൽ ബേക്കൽ പരിസരം കൂടുതൽ സജീവമാകും.

പാർലമെന്ററി കമ്മിറ്റി ശുപാർശയും രാത്രി 9 വരെ തുറക്കാൻ
ബേക്കൽ പ്രവേശന സമയം രാത്രി 9 വരെ നീട്ടണമെന്നാണ് പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തത്. ഈ ശുപാർശയ്ക്ക് തൃശൂർ സർക്കിൾ സുപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ.രാമ കൃഷ്ണ റെഡ്ഡി അനുകൂലമായ മറുപടിയാണ് നൽകിയത്. പാർലിമെന്ററി കമ്മിറ്റിയുടെ നിർദേശം നടപ്പിലാക്കാൻ രാത്രിയിൽ കൂടുതൽ വെളിച്ചം, സുരക്ഷാ സംവിധാനങ്ങൾ, കൂടുതൽ ജീവനക്കാർ എന്നിവ ഒരുക്കി നൽകണമെന്നാണ് കേന്ദ്ര പുരാവസ്തു വകുപ്പിന് തൃശൂർ സർക്കിൾ ആർക്കിയോളജി വിഭാഗം നൽകിയ മറുപടി.

"കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ബേക്കൽ കോട്ട. രാത്രിയിലും ബേക്കൽ കോട്ടയിൽ  പ്രവേശനം അനുവദിക്കുമ്പോൾ ആവശ്യമായ സുരക്ഷാ ജാഗ്രത ഉറപ്പുവരുത്തണം. സ്ട്രീറ്റ് ലൈറ്റ് ഉൾപ്പെടെ എല്ലാ ഭാഗത്തും വെളിച്ചം വേണം. രാത്രി കോട്ടയിൽ നിന്ന് കടലിലേക്ക് ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. അപായ സാധ്യത കണക്കിലെടുത്ത് നാനാ വിധത്തിലും കരുതൽ ഉറപ്പു വരുത്തി വേണം സന്ദർശകർക്ക് രാത്രി കോട്ടയിൽ പ്രവേശിക്കുന്നതിനും അവിടെ അനുവദിച്ച സമയം തങ്ങുന്നതിനും അനുമതി നൽകേണ്ടത് ". 

"ബേക്കൽ കോട്ടയിൽ രാത്രിയിലും സഞ്ചാരികൾക്ക് സന്ദർശന അനുമതി നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര പുരാവസ്തു വകുപ്പിന് എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ മിക്ക ചരിത്ര സ്മാരകങ്ങളിലും രാത്രി മുഴുവൻ സമയം സന്ദർശനം അനുവദിച്ചിട്ടുണ്ട്. അവർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഉൾപ്പെടെ ഉണ്ട്. ഇവിടെ അത് ഇല്ല.  രാജ്യാന്തര വിനോദസഞ്ചാര വികസന കേന്ദ്രമെന്ന നിലയിൽ ബേക്കൽ കോട്ടയിൽ രാത്രി സന്ദർശനം അനുവദിക്കണം" .

"ബേക്കൽ കോട്ടയുടെ സന്ദർശക സമയം രാത്രി 9 വരെയാക്കി നീട്ടണം. കൂടാതെ പ്രഭാത സവാരിക്കായി രാവിലെ 6 മുതൽ കോട്ട തുറക്കാനും പാസ് ഏർപ്പെടുത്താനുമുള്ള സൗകര്യമുണ്ടാവണം. സന്ദർശക സമയം 9 വരെയാക്കിയാൽ നൈറ്റ് ലൈഫ് ആസ്വദകർക്ക് അനുകൂലമാകും.

കോട്ടയ്ക്കകത്തുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ  കീഴിലുള്ള വിശ്രമ മന്ദിരം  സാങ്കേതിക കാരണങ്ങളാൽ ഉപയോഗപ്പെടുത്താനാവുന്നില്ല. കേന്ദ്ര പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഇത് നിശ്ചിത വർഷത്തേക്ക് അവർക്ക് വിട്ട് കൊടുത്താൽ കോട്ടയിൽ നിന്ന് ഖനനം ചെയ്ത പുരാവസ്ഥുക്കൾ പ്രദർശിപ്പിക്കാനും സഞ്ചാരികൾക്ക് വേണ്ട സൗകര്യമൊരുക്കാനും സെന്റർ നിർമ്മിക്കുമെന്ന് ടൂറിസം വകുപ്പിനെ പുരാവസ്തു വകുപ്പ് അറിയിച്ചതിൽ നടപടി ഉണ്ടാവണം" .

English Summary:

Bekal Fort has extended its visiting hours to allow tourists to enjoy the sunset. However, there's a growing demand to further extend the timings until 9 pm for a more comprehensive tourism experience. This article explores the potential impact of night access on Bekal's tourism, the historical significance of the fort's design for sunset viewing, and the call to restart the popular Light and Sound show.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com