വരുമാനമില്ല പ്രവർത്തനം നിലച്ച് ആളില്ലാ‘ഷീ ലോഡ്ജ് ’
Mail This Article
കാഞ്ഞങ്ങാട് ∙ ഏറെ കൊട്ടിഘോഷിച്ച് നാടിനു സമർപ്പിച്ച ‘ഷീ ലോഡ്ജ് ’ വരുമാനം കുറഞ്ഞതിനെ തുടർന്നു അടച്ചുപൂട്ടിയ നിലയിൽ. സംസ്ഥാനത്ത് പണി പൂർത്തിയായ ആദ്യ ഷീ ലോഡ്ജ് കെട്ടിടമാണ് ലക്ഷ്യം കാണാതെ അടഞ്ഞു പോയത്. 2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഷീ ലോഡ്ജ്‍’ കെട്ടിടം ഉദ്ഘാടനം ചെയ്തത്. തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിന് സമീപത്താണ് ഷീ ലോഡ്ജ് നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് തുറന്നുനൽകാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല.
സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹരിച്ചതോടെ ഷീ ലോഡ്ജ് വേഗം തുറന്നുനൽകാൻ കൗൺസിൽ യോഗം തീരുമാനിക്കുകയും കുടുംബശ്രീയെ ഏൽപിക്കുകയും ചെയ്തു. എന്നാൽ, മതിയായ വരുമാനം കിട്ടാതെ വന്നതോടെ കുടുംബശ്രീ പ്രവർത്തനം നിർത്തുകയായിരുന്നു. 45 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. 12 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഷീ ലോഡ്ജ് അധികം വൈകാതെ പ്രവര്‍ത്തന സജ്ജമാക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ ഷീ ലോഡ്ജ് ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു.
സമരത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്
കേരളത്തിലെ ആദ്യത്തെ ‘ഷീ ലോഡ്ജ്’ എന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച കാഞ്ഞങ്ങാട് ഷീ ലോഡ്ജ് തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ പറഞ്ഞു