ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം
Mail This Article
കാസർകോട് ∙ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ യുവാവ് സുരക്ഷാ ജീവനക്കാരെ കടിച്ചുപറിച്ചു, മകളുമായി പരിശോധനയ്ക്ക് എത്തിയ യുവതിയായ ഗർഭിണിയെ തള്ളിയിട്ടു.രാവിലെ ഒപി ടിക്കറ്റ് കൗണ്ടറിലും പിന്നീട് നഴ്സിങ് സൂപ്രണ്ട് ഓഫിസിലും വാക്കേറ്റം ഉണ്ടായത് അറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാർ എത്തിയപ്പോൾ ലാബിനു മുന്നിലായിരുന്നു അക്രമം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ എം.വി.ശ്രീധരന് നേരെ യുവാവ് എറിഞ്ഞ കല്ല് ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിന്റെ ബോണറ്റിൽ വീണു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരായ എം.വി.ശ്രീധരൻ, പി.ഗോപിനാഥൻ എന്നിവർ പിടികൂടിയെങ്കിലും ശ്രീധരന്റെ ഇടതു കൈവിരലിലും പി.ഗോപിനാഥന്റെ തുടയിലും കടിച്ചും തലയ്ക്ക് അടിച്ചും കുതറിമാറി. ലാബിലെ പരിശോധന ഫലം കിട്ടാൻ മുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന ഗർഭിണിയും രണ്ടു രോഗികൾക്കും വീണു പരുക്കേറ്റു.
സെക്യൂരിറ്റി ജീവനക്കാരായ 2 പേർക്കും കടിയും അടിയും ഏറ്റ മുറിവുണ്ട്. സംഭവം നടക്കുമ്പോൾ പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസ് ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മുൻപ് ഇതേ ആശുപത്രിയിലെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ രാജേഷിനെ ഈ യുവാവ് മർദിച്ചിരുന്നു. മറ്റൊരു സ്ഥലത്തുണ്ടായ അക്രമത്തിൽ മുഖത്ത് പരുക്കേറ്റ ഈ യുവാവ് കാസർകോട് ജനറൽ ആശുപത്രിയിൽ ഒപി വിഭാഗത്തിൽ പരിശോധന നടത്തി മരുന്നും വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായ അക്രമം. ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നവരും സെക്യൂരിറ്റി ജീവനക്കാരെല്ലാം ചേർന്ന് പിടികൂടിയ യുവാവിനെ പൊലീസ് എത്തി കൊണ്ടു പോയി. തുടർന്ന് വിട്ടയയ്ക്കപ്പെട്ട യുവാവ് വൈകിട്ടോടെ മരപ്പലകയുമായി വീണ്ടും രാവിലെ അക്രമത്തിനു ഇരയായ സുരക്ഷാ ജീവനക്കാരെ തേടിയെത്തി.
പൊലീസ് എയ്ഡ്പോസ്റ്റിൽ ആളില്ല
ആശുപത്രിയിൽ ഇടയ്ക്കിടെ ജീവനക്കാർക്കും രോഗികൾക്കും ഡോക്ടർമാർക്കും എതിരെ അക്രമം ഉണ്ടാകുന്നത് പതിവായിട്ടും ഇവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റില് പലപ്പോഴും ഉദ്യോഗസ്ഥർ ഉണ്ടാകാറില്ല എന്ന് പരാതിയുണ്ട്. കഴിഞ്ഞ മാസം ആശുപത്രി ഗേറ്റിനു സമീപത്തെ അമ്മത്തൊട്ടിലിന്റെ വാതിലും മറ്റും തകർത്ത് കൊണ്ടു പോകുകയായിരുന്ന ഒരാളെ തടഞ്ഞു വച്ച് പൊലീസിനെ അറിയിച്ചിട്ടും പൊലീസ് സ്ഥലത്ത് വരാൻ വിമുഖത കാണിച്ചതായി പരാതി ഉണ്ടായിരുന്നു. അക്രമം ആവർത്തിക്കുന്നത് ആശുപത്രിയിൽ രോഗികൾക്കും ഭീഷണിയാണ്.
പ്രതിഷേധിച്ചു
2 സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തതിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. ആശുപത്രി സൂപ്രണ്ട് ശ്രീകുമാർ മുകുന്ദ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സൂപ്രണ്ട് ഡോ.എ.ജമാൽ അഹമ്മദ്, നഴ്സിങ് സൂപ്രണ്ട് ലത, സ്റ്റോർ സൂപ്രണ്ട് ഹരികുമാർ, ഡോ.എ.എ.അബ്ദുൽ സത്താർ, നഴ്സിങ് അസിസ്റ്റന്റ് രവീന്ദ്രൻ, സെക്യൂരിറ്റി ജീവനക്കാരൻ ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി ടി. സതീശൻ, ട്രഷറർ ഷാജി, കവിത, അൻസമ്മ, മാഹിൻ കുന്നിൽ എന്നിവർ പ്രസംഗിച്ചു.