ജോലിത്തട്ടിപ്പ്: അധ്യാപികയ്ക്ക് എതിരെ 3 കേസുകൾ കൂടി
Mail This Article
കാസർകോട് ∙ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കണ്ണൂർ സെൻട്രൽ ജയിൽ റിമാൻഡിലുള്ള ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപിക പെർല ഷേണി ബൽത്തക്കല്ലിലെ ബി.സച്ചിത റൈക്ക് (27) എതിരെ 3 പരാതികളിൽ കൂടി കേസെടുത്തു. ബദിയടുക്കയിൽ രണ്ടും കാസർകോട് പൊലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് റജിസ്റ്റർ ചെയ്തത്. ഇതോടെ സച്ചിതക്കെതിരെ ജില്ലയിൽ മാത്രമായി റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 15 ആയി. ഇതിൽ ഒൻപതെണ്ണം ബദിയടുക്കയിലാണ്. സിപിസിആർഐയിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്തു മൊഗ്രാൽപുത്തൂർ കടവത്തെ 33 കാരിയിൽ 1.40 ലക്ഷം രൂപ വാങ്ങിയതിനു ശേഷം ജോലിയും പണവും തിരിച്ചു കൊടുക്കാതെ വിശ്വാസ വഞ്ചന കാട്ടിയെന്ന പരാതിയിലാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ഡിസംബറിലും സെപ്റ്റംബറിനും ഇടയിലുള്ള കാലയളവിലാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. കർണാടക ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്തു 13.90 ലക്ഷം വാങ്ങിയെന്ന എൻമകജെയിലെ ഒരു യുവതിയുടെയും കർണാടക പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, പെട്രോളിയം സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ബദ്രംപള്ളയിലെ 28 കാരനിൽ നിന്നു 12.83 ലക്ഷം രൂപ വാങ്ങി വിശ്വാസവഞ്ചന കാട്ടിയെന്ന പരാതിയിലുമാണ് ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കർണാടക ഉപ്പിനങ്ങാടിയി സ്റ്റേഷനിൽ ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ കേസെടുത്തിരിക്കുന്ന പരാതികളിലായി 1.15 കോടിയിലേറെയാണ് രൂപയാണ് സച്ചിതറൈ തട്ടിയെടുത്തിരിക്കുന്നത്.