ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഒരുക്കം; പങ്കെടുക്കുന്നത് 2060 വിദ്യാർഥികൾ

Mail This Article
കാസർകോട് ∙നാളെയും മറ്റന്നാളുമായി നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഒരുങ്ങി ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ. ശാസ്ത്ര, ഗണിത, സാമൂഹിക, ഐടി, പ്രവൃത്തി പരിചയ മേള, വൊക്കേഷനൽ എക്സ്പോയുമാണ് സ്കൂളിൽ നടക്കുന്നത്. 7 ഉപജില്ലകളിൽ നിന്നായി 122 ഇനങ്ങളിലായി 2060 വിദ്യാർഥികളും ടീച്ചിങ് എയ്ഡ് മത്സരത്തിൽ 42 അധ്യാപകരും മത്സരിക്കാൻ എത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മധുസൂദനൻ, സ്കൂൾ മാനേജർ സി.ടി.അഹമ്മദലി, ചെമ്മനാട് ജമാഅത്ത് ജനറൽ സെക്രട്ടറി എൻ.എ.ബദറുൽ മുനീർ, പ്രിൻസിപ്പൽ എ.സുകുമാരൻനായർ, പിടിഎ പ്രസിഡന്റ് പി.എം. അബ്ദുല്ല, പ്രധാനാധ്യാപകൻ കെ.വിജയൻ എന്നിവർ അറിയിച്ചു.
ശാസ്ത്രോത്സവത്തിന്റെ ആദ്യദിനമായ നാളെ ശാസ്ത്ര–പ്രവൃത്തി പരിചയ–ഐടി മേളകളും വൊക്കേഷനൽ എക്സ്പോയും നടക്കും. ചെറുധാന്യങ്ങൾ ആരോഗ്യത്തിനു സുസ്ഥിര ഭാവിക്കും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിനു സിപിസിആർഐ ചീഫ് ടെക്നിക്കൽ ഓഫിസർ നിലോഫർ ഇല്ല്യാസ് കുട്ടി നേതൃത്വം നൽകും. നവംബർ 2നു സാമൂഹിക–ഗണിത ശാസ്ത്രമേളകൾ നടക്കും.
ശാസ്ത്ര നാടകം പ്രശ്നോത്തരി എന്നീ മത്സരങ്ങൾ ഇതിനകം പൂർത്തിയായി. മേളയിൽ പങ്കെടുക്കാൻ എത്തുന്നവരെ കാസർകോട് ടൗൺ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നായി മത്സര വേദിയിൽ എത്തിക്കാൻ വാഹനം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രവൃത്തി പരിചയമേളയുടെ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ ഉൽപന്നങ്ങൾ കാണാനും വൊക്കേഷനൽ എക്സ്പോയും വിപണനമേള സന്ദർശിക്കാനും പൊതുജനങ്ങൾക്കു അവസരമുണ്ടെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.കാസർകോട് നഗരത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര സ്കൂളിൽ സമാപിച്ചു. ഇന്നു വൈകിട്ട് വിവിധ കേന്ദ്രങ്ങളിലായി ഫ്ലാഷ്മോബ് നടക്കും.
എല്ലാവർക്കും ഭക്ഷണം
നാളെ രാവിലെ 10.30നു രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ എം.രാജഗോപാലൻ, എ.കെ.എം.അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സ്കൂൾ മാനേജർ സി.ടി.അഹമ്മദലി എന്നിവർ ഉപഹാര സമർപ്പണം നടത്തും. സിപിസിആർഐ ഡയറക്ടർ ഡോ.കെ.ബാലചന്ദ്ര ഹെബ്ബാർ ശാസ്ത്ര സന്ദേശം നൽകും.
മറ്റന്നാൾ വൈകിട്ട് 4നു സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസർകോട് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. മേള നടത്താനായി വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഫണ്ടിനു പുറമേ സംഘാടക സമിതി കണ്ടെത്തിയ പണവും ഉപയോഗിച്ചാണ് മേള നടത്തുന്നതെന്നും മത്സരിക്കാനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമേ പരിപാടി കാണാനെത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകുമെന്നു ഇവർ അറിയിച്ചു.