സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ് ബോവിക്കാനം ഇരിയണ്ണി റോഡിൽ 2, 3 തീയതികളിൽ
Mail This Article
കാസർകോട്∙ സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ് നവംബർ 2, 3 തീയതികളിൽ ബോവിക്കാനം ഇരിയണ്ണി റോഡിൽ നടക്കും. 14 ജില്ലകളിൽ നിന്നു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുമായി മൂന്നൂറോളം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്നു സംഘാടക സമിതി–അസോസിയേഷൻ ഭാരവാഹികളായ ബി.കെ.നാരായണൻ, എം.അച്യുതൻ, കെ.വി. വിജയകുമാർ, വിനോദ്‌കുമാർ, സജീവൻ മടപ്പറമ്പത്ത്, കെ. ജനാർദ്ദനൻ,മൂസ പാലക്കുന്ന്, രജിത്ത് കാടകം എന്നിവർ അറിയിച്ചു.ബോവിക്കാനം ടൗണിൽ നിന്ന് അര കിലോമീറ്റർ അകലെ ബാവിക്കരയടുക്കം മുതൽ ഇരിയണ്ണി വരെ 4 കി.മീ. റോഡിലാണ് മത്സരം നടത്തുന്നത്. ഒരു ലാപ് എന്നുള്ളത് 8 കി.മീ വീതമാണ്.
അനന്തു നാരായണൻ, അനക്‌സിയ മറിയ തോമസ് തുടങ്ങിയ ദേശീയ താരങ്ങളും, നാഷനൽ ഗെയിംസ് ഉൾപ്പെടെ ഒട്ടേറെ ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവരും മത്സരത്തിൽ പങ്കെടുക്കാനായി എത്തും. ഡിസംബറിൽ ഒഡിഷയിൽ നടക്കുന്ന ദേശീയ റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കും. ബോവിക്കാനം ഇരിയണ്ണി റോഡിൽ പരിശീലനം നടത്തുന്നതിനായി ഒട്ടേറെ സൈക്ലിസ്റ്റുകൾ ഇതിനകം തന്നെ എത്തിയിട്ടുണ്ടെന്നു ഇവർ അറിയിച്ചു.
ജില്ലാ സൈക്ലിങ് അസോസിയേഷന്റെയും ജനകീയ സംഘാടക സമിതിയുടെയും നേതൃത്വത്തിൽ മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ചെയർമാനും, ബി.കെ.നാരായണൻ വർക്കിങ് ചെയർമാനും എം.അച്യുതൻ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. മത്സരാർത്ഥികൾക്കും ഒഫീഷ്യലിനുമുള്ള താമസം ഭക്ഷണം എന്നിവ സൗജന്യമായിട്ടാണ് സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് 4നു സൈക്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.വിജയകുമാർ പതാക ഉയർത്തും, നവംബർ 2 ന് രാവിലെ 10ന് സാന്ററി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. 11നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. നവംബർ 3ന് കലക്ടർ കെ. ഇമ്പശേഖർ സമ്മാനങ്ങൾ വിതരണം ചെയ്യും.
ആകെ 9 വിഭാഗങ്ങൾ:
∙എലൈറ്റ്മെൻ–40 കി.മീ.
∙എലൈറ്റ് വുമൺ 32 കി.മി.
∙23 വയസ്സിനു താഴെ ആൺ–40 കി.മി.
∙18നു താഴെയുള്ള ആൺ–32 കി.മി. പെൺ–പെൺ–24 കി.മി.
∙16 നു താഴെയുള്ള ആൺ–16 കി.മീ പെൺ–8 കി.മീ.
∙14 നു താഴെയുള്ള ആൺ–8 കി.മി, പെൺകുട്ടികൾ 8 കി.മി.