ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സച്ചിത റൈയുടെ കൂട്ടാളികൾ എവിടെ?
Mail This Article
കാസർകോട് ∙ ജോലി വാഗ്ദാനം ചെയ്ത് അധ്യാപിക കോടികൾ തട്ടിയ കേസിന്റെ അന്വേഷണം ഒരാളിൽ മാത്രമായി ഒതുങ്ങുന്നതിനെതിരെ ആരോപണവുമായി തട്ടിപ്പിനിരയായവർ. പുത്തിഗെ ബാഡൂർ എഎൽപി സ്‌കൂൾ അധ്യാപികയും ഡിവൈഎഫ്ഐ മുൻ നേതാവുമായ സച്ചിത റൈ പണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി ഇരകൾ രംഗത്തെത്തി.
സച്ചിത റൈയുടെ ഭർത്താവായ കോഴിക്കോട് സ്വദേശിയാണു മുഖ്യ സൂത്രധാരനെന്നാണു തട്ടിപ്പിനിരായവരുടെ കൂട്ടായ്മ അംഗങ്ങളായ ലോകേഷ് ഷെട്ടി, ഭാര്യ നിഷ്മിത ഷെട്ടി, മോക്ഷിത് ഷെട്ടി, മലേഷ് ബാഡൂർ എന്നിവരുടെ ആരോപണം. കൂടാതെ ഇവരുടെ സുഹൃത്തുക്കളായ 3 സ്ത്രീകളും ഉഡുപ്പി സ്വദേശിയും ഉപ്പളയിലെ ബിജെപി പ്രാദേശിക നേതാവും സംഘത്തിലുണ്ടെന്ന് ഇവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ജില്ലയിലും കർണാടകയിലുമായി 20 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സച്ചിത റൈയെ അറസ്റ്റ് ചെയ്തതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞാണു പൊലീസ് 2 ദിവസത്തെ കസ്റ്റഡിയിലെടുത്തത്.
ഉദ്യോഗാർഥികളിൽ നിന്നു സച്ചിത റൈ കൈപ്പറ്റിയ ഒരു കോടിയിലേറെ രൂപ അൻപതോളം ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കർണാടക ഉഡുപ്പിയിൽ ഒരു സ്വകാര്യ പ്ലേസ്മെന്റ് സ്ഥാപനം നടത്തുന്നയാളുടെ നിർദേശത്തെ തുടർന്നാണു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം അയച്ചതെന്നാണു സച്ചിത റൈ അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. ഇതേത്തുടർന്ന് കൂടുതൽ പേർ കേസിൽ പ്രതികളാകുമെന്നു പൊലീസ് സൂചിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.
ഇതിനിടെ കേന്ദ്ര ഏജൻസികളായ സിബിഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ രംഗത്തെത്തി. സച്ചിത റൈക്കെതിരെ നിലവിൽ കേസ് കൊടുത്ത 20 പേരെ കൂടാതെ ഒട്ടേറെപ്പേരിൽ നിന്നായി 15 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി കൂട്ടായ്മാ അംഗങ്ങൾ പറയുന്നു.
എന്നാൽ പൊലീസ് അന്വേഷണത്തിൽ 9.5 കോടിയുടെ ഇടപാട് മാത്രമേ സച്ചിത റൈയുടെ അക്കൗണ്ട് വഴി നടത്തിയതായി കണ്ടെത്തിയിട്ടുള്ളൂവെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും ഇവർ ആരോപിച്ചു.പൊലീസിനെ സമീപിക്കുന്നവരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാനാണ് അറസ്റ്റിലായ പ്രതിയുടെ ഭർത്താവ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
പരാതി നൽകാതിരുന്നാൽ പണം തിരികെ നൽകി ഒത്തുതീർപ്പാക്കാമെന്നും കേസ് കൊടുത്താൽ ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്നുമാണ് ഇദ്ദേഹം പണം തിരികെ ആവശ്യപ്പെടുന്നവരോടു പറയുന്നതെന്ന് ഇരകൾ പറഞ്ഞു. ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയവരെ സമഗ്രാന്വേഷണത്തിലൂടെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണു തട്ടിപ്പിനിരയായവരുടെ ആവശ്യം.
കേന്ദ്ര–കേരള–കർണാടക സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, കാസർകോട് സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, കാസർകോട്ടെ സർക്കാർ വിദ്യാലയം, എസ്ബിഐ, ജലസേചന വകുപ്പ്, എഫ്സിഐ തുടങ്ങിയ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയെടുത്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ 12 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരുന്നത്. കുമ്പള, മഞ്ചേശ്വരം, ആദൂർ, മേൽപ്പറമ്പ്, കാസർകോട്, അമ്പലത്തറ എന്നിവിടങ്ങളിലായി 7 കേസുകളുണ്ട്.