സിപിഎം പ്രവർത്തകന്റെ വീടിന് തീയിട്ട കേസിൽ 7 കോൺഗ്രസ് പ്രവർത്തകരെയും വിട്ടയച്ചു
Mail This Article
കാസർകോട് ∙ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിനു പിറ്റേന്ന് സിപിഎം പ്രവർത്തകന്റെ വീട് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതികളായ 7 കോൺഗ്രസ് പ്രവർത്തകരെയും കോടതി വിട്ടയച്ചു.2019 ഫെബ്രുവരി 18ന് രാത്രി എട്ടരയോടെ കല്യോട്ട് കണ്ണാടിപ്പാറയിൽ സിപിഎം സജീവ പ്രവർത്തകനായ ഓമനക്കുട്ടന്റെ (59) വീട്ടിൽ അതിക്രമിച്ചു കയറി ഇലക്ട്രോണിക്സ് സാമഗ്രികൾ ഉൾപ്പെടെ തകർത്ത് വീട് തീവച്ചു നശിപ്പിച്ചുവെന്നതിന് ബേക്കൽ പൊലീസാണ് കേസെടുത്തിരുന്നത്.
കോൺഗ്രസ് പ്രവർത്തകരായ കല്യോട്ട് എം.കെ.നാരായണൻ(58), കാഞ്ഞിരടുക്കം ബേബി കുര്യൻ(49), തന്നിത്തോട് പൂവ്വാണിക്കുന്നേൽ ശശിധരൻ(48), കൂരാങ്കര ശശിധരൻ(50), കൂരാങ്കര എച്ച്. കൃഷ്ണൻ(47), കല്യോട്ട് പുല്ലുമല ഹൗസിൽ ജനാർദനൻ(36), വാഴക്കോടൻ ഹൗസിൽ ദാമോദരൻ(44) എന്നിവരെയാണ് കാസർകോട് ജില്ലാ അഡീഷനൽ സെഷൻസ് കോടതി (3) വിട്ടയച്ചത്.ഇവരും കണ്ടാൽ അറിയാവുന്ന 90 ഓളം പ്രതികളും യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ചു മാരകായുധങ്ങളുമായി വീട്ടിൽ കയറി ടിവി, റഫ്രിജറേറ്റർ, ഫാൻ, എമർജൻസി ലൈറ്റ്, മിക്സി, ഫർണിച്ചർ, സ്റ്റീൽ അലമാര, കട്ടിൽ, കസേര, മേശ എന്നിവ അടിച്ചു തകർത്ത് വീടിനു തീയിട്ട് നശിപ്പിച്ചതിൽ 1,88,600 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് വെളിപ്പെട്ടുവെന്നായിരുന്നു പൊലീസ് വിവിധ വകുപ്പുകളിലായി കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.
2019 ഫെബ്രുവരി 17നായിരുന്നു ശരത് ലാൽ,കൃപേഷ് എന്നിവർ കൊല്ലപ്പെട്ടത്. പിറ്റേന്നു സംസ്കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു വീടിനു തീയിട്ട സംഭവം. സംഭവത്തിനു ദൃക്സാക്ഷികളായി വീട്ടിൽ ഉണ്ടായിരുന്ന ഓമനക്കുട്ടന്റെ ഭാര്യ ശാന്ത, കാഞ്ഞിരടുക്കം ഹൗസിൽ കെ.അച്യുതൻ എന്നിവർ ഉൾപ്പെടെ 19 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 ദിവസം കഴിഞ്ഞ് 20ന് ആണ് വീട് ആക്രമിച്ചതിന് സ്റ്റേഷനിൽ പരാതി നൽകിയത്.
അതിൽ കണ്ടാലറിയാവുന്ന നൂറോളം പേർ ചേർന്നാണ് വീട് അക്രമിച്ചതെന്നാണ് അറിയിച്ചിരുന്നത്. പ്രതികളുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നില്ല. 21ന് പൊലീസ് സംഭവ സ്ഥലത്ത് അന്വേഷണത്തിനെത്തിയപ്പോഴാണ് കല്യോട്ട് താമസിക്കുന്ന ഒന്നു മുതൽ 7 വരെ പ്രതികളുടെ പേരുകൾ നൽകിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മരണത്തിൽ തനിക്കും കുടുംബത്തിനും ഒരു പങ്കുമില്ലെന്നും ഓമനക്കുട്ടൻ കോടതിയിൽ മൊഴി നൽകിയിരുന്നു.
വീട് തീവച്ചതിലും സാമഗ്രികൾ നശിപ്പിച്ചതിലും പ്രതികൾക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ സാക്ഷി മൊഴികൾ ഇല്ലാത്തതും പൊലീസിൽ പരാതി നൽകാൻ വൈകിയതും ആദ്യ പരാതിയിൽ പ്രതികളുടെ പേരില്ലാത്തതും പൊലീസ് സംഭവസ്ഥലത്തു പോയിട്ടും ആരൊക്കെ ഓരോരുത്തരും എന്തു കുറ്റം ചെയ്തു എന്നത് വിശദീകരിക്കാൻ കഴിയാത്തതുമാണ് പ്രതികളെ വിട്ടയക്കാനിടയാക്കിയതെന്നാണ് ആരോപണം. ദൃക്സാക്ഷി കോടതിയിൽ കൂറുമാറി.
പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി.ലതീഷാണ് കോടതിയിൽ ഹാജരായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവർ കൊലപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമ പരമ്പരകളിൽ വിധി വന്ന ആദ്യത്തെ കേസാണിത്.