വേദിയിൽ കുച്ചിപ്പുഡി നൃത്തം; കുഞ്ഞു കണ്ണുകളിൽ സന്തോഷപ്പൂമ്പൊടിത്തിളക്കം
Mail This Article
ഉദിനൂർ∙ വേദിയിൽ കുച്ചിപ്പുഡി നൃത്തം. കണ്ടുനിന്ന ആ കുഞ്ഞു കണ്ണുകളിൽ സന്തോഷപ്പൂമ്പൊടിത്തിളക്കം. ചെറുവത്തൂർ സബ്ജില്ലാ പരിധിയിലെ സ്കൂളുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 15 കുട്ടികളാണ് ബിആർസിയുടെയും സ്പെഷൽ എജ്യുക്കേറ്റർമാരുടെയും സഹായത്തോടെ കലോത്സവം കാണാനെത്തിയത്. വലിയ വേദികളും തിരക്കുള്ള സദസ്സുകളും കണ്ട് പലരുടെയും കണ്ണുകൾ വിരിഞ്ഞു. നിറച്ചാർത്തുള്ള ലോകത്തെ സംഗീതവും നൃത്ത വിസമയവും അടുത്തു കാണുന്നതിന്റെ ആവേശത്തിലും കൗതുകത്തിലുമായിരുന്നു അവർ.
സ്പെഷൽ എജ്യുക്കേറ്റർമാരായ ബി.രോഷ്നി, പി.രജിത, പി.ഷാനിബ, ശ്രീജിന,ശ്രേയ, നസ്‌ല, ഷീബ, അനുശ്രീ, മഞ്ജിമ എന്നിവരും മാതാപിതാക്കളും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.ആദ്യമായാണ് ബിആർസി മേൽനോട്ടത്തിൽ കുട്ടികളെ വേദികളിലെത്തിക്കുന്നത്. ഇന്നലെ നടന്ന സന്ദർശനം കുട്ടികൾ സ്വീകരിച്ചതോടെ മറ്റ് ബിആർസികളിൽ നിന്നും കുട്ടിക്കൂട്ടങ്ങളെ കലോത്സവത്തിലേക്ക് എത്തിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
ഓർമകളുമായി പാർവതി
ജില്ലാ കലോത്സവം എവിടെ നടന്നാലും ചെറുവത്തൂർ മുഴക്കോത്ത് സ്വദേശി പാർവതി കൃഷ്ണ (20) അവിടെയെത്തും. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിൽ മത്സരിച്ച് എ ഗ്രേഡ് നേടിയ ഓർമകളുമായാണ് പാർവതി ഇത്തവണയും കലോത്സവത്തിനെത്തിയത്. കൂടെ അമ്മ കെ.ബിന്ദുവുമുണ്ട്. അഗ്നിരക്ഷാസേനയുടെ സിവിലിയൻ വിഭാഗത്തിന്റെ ഭാഗമായാണ് ബസ് കണ്ടക്ടറായ ബിന്ദു കലോത്സവ നഗരിയിലെത്തിയത്. ചെന്നൈ കലാക്ഷേത്രം ഭരതനാട്യം ബിരുദ വിദ്യാർഥിനിയാണ് പാർവതി.
ധൈര്യമായിക്കൂ.. മോളേ വിജയം ഒപ്പമുണ്ടാകും
വീഴ്ചയിലെ പരുക്കിന്റെ വേദനയിൽ പിടഞ്ഞ നിരഞ്ജനയെ ആശ്വസിപ്പിക്കാൻ ഓട്ടൻതുള്ളലിലെ ആദ്യകാല ജേതാവും എംഎൽഎയുമായ എം.രാജഗോപാലൻ എത്തി. രണ്ടാം വേദിയിൽ നടക്കേണ്ട ഓട്ടൻതുള്ളലിൽ മത്സരിക്കാനായി രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതിനിടെയാണ് കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിനിയായ നിരഞ്ജനയ്ക്ക് കാലിന് പരുക്കേറ്റത്.
ബാൻഡേജിട്ട കാലുമായി മത്സരവേദിക്കു സമീപമെത്തിയ നിരഞ്ജനയ്ക്കു സമീപമെത്തിയ എംഎൽഎ 1973 ൽ കയ്യൂർ ഗവ.എച്ച്എസ്എസിൽ വിദ്യാർഥിയായിരിക്കേ ജില്ലാ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ രണ്ടാം സ്ഥാനം നേടിയ വിവരം പറഞ്ഞത്. ധൈര്യമായി വേദിയിൽ കയറണമെന്നും വിജയം ഒപ്പമുണ്ടാകുമെന്നും ആശംസിച്ചത്. എട്ടാം ക്ലാസിൽ പഠിക്കവേ ജില്ലാ തലത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നിരഞ്ജനയ്ക്കായിരുന്നു.