കലാപൂരത്തിന് ഇന്ന് കൊടിയിറക്കം
Mail This Article
ഉദിനൂർ ∙ ഗ്രാമത്തെ ‘പൊഞ്ഞാറി’ലാക്കി ജനകീയ ഉത്സവം ഇന്ന് കൊടിയിറങ്ങും. കലോത്സവം തുടങ്ങിയത് 26ന് ആണെങ്കിലും സംഘാടകസമിതി രൂപീകരിച്ച ഒക്ടോബർ 25 മുതൽ ഉദിനൂർ ഗ്രാമം ഉത്സവ ലഹരിയിലാണ്. ചെയർമാൻ എം.രാജഗോപാലൻ എംഎൽഎ, വർക്കിങ് ചെയർമാൻ ബേബി ബാലകൃഷ്ണൻ, ജനറൽ കൺവീനറും ഡിഡിഇയുമായ ടി.വി.മധുസൂദനൻ, വർക്കിങ് കൺവീനറും ഉദിനൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പലുമായ പി.വി.ലീന, ട്രഷറർ കാഞ്ഞങ്ങാട് ഡിഇഒ കെ.അരവിന്ദ എന്നിവരുടെ നേതൃത്വത്തിൽ 14 സബ് കമ്മിറ്റികളുൾപ്പെട്ട സംഘാടക സമിതിയുടെ ഒരു മാസം നീണ്ട കൈമെയ് മറന്നുള്ള പ്രവർത്തനത്തിന്റെ ഫലം കൂടിയാണ് കലോത്സവത്തിന്റെ വിജയകരമായ പരിസമാപ്തി.
സമീപ സ്കൂളുകളെയും ക്ഷേത്രങ്ങളെയും കോവിലിനെയും മുണ്ട്യയെയുമെല്ലാം വേദികളാക്കി അക്ഷരാർഥത്തിൽ നാട് കൗമാരകലകളെ നെഞ്ചോടുചേർക്കുകയായിരുന്നു. അഞ്ചു ദിവസവും കലോത്സവ ഊട്ടുപുരയെ അക്ഷയപാത്രമാക്കാൻ പടന്ന പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരുൾപ്പെടെ സജീവമായി. 10 ക്വിന്റൽ അരിയാണ് സിഡിഎസ് അടുക്കളയിലേക്കായി നൽകിയത്.
കലോത്സവ വിജയികൾക്കു സമ്മാനിക്കാൻ 450 ട്രോഫികളാണ് നാട്ടിലെ സംഘടനകളും സ്ഥാപനങ്ങളും നൽകിയത്. പടന്ന പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ രണ്ട് വീതം വാർഡുകളിലെ വീടുകളും കലോത്സവ നടത്തിപ്പിന്റെ സാമ്പത്തിക സമാഹരണത്തിനായി കൈകോർത്തു.
അഞ്ചു ദിവസവും സദ്യയ്ക്ക് സമാനമായ ഭക്ഷണം, പരാതിക്കിട നൽകാത്തവിധം മത്സരങ്ങളുടെ നടത്തിപ്പ്, കർമനിരതരായി പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ, എസ്പിസി, എൻഎസ്എസ്, എൻസിസി, റെഡ്ക്രോസ് വൊളന്റിയർമാർ, വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകിയ അധ്യാപക സംഘടനകൾ, പ്രസിഡന്റ് വി.വി.സുരേശന്റെ നേതൃത്വത്തിലുള്ള പിടിഎ, നാട്ടിലെ വിവിധ കലാസാംസ്കാരിക സംഘടനകൾ, കലോത്സവത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച സ്നേഹ സമ്പന്നരായ നാട്ടുകാർ– ഇവരെല്ലാം കലോത്സവ വിജയത്തിന്റെ ഘടകങ്ങളായി മാറി. വിദ്യാർഥികളും രക്ഷിതാക്കളും കലോത്സവം കഴിഞ്ഞ് മടങ്ങുന്നതും ഉദിനൂരിന്റെ നിഷ്കളങ്ക സ്നേഹത്തിനുള്ള കടപ്പാട് ബാക്കിയാക്കിയാണ്. നന്ദി ഉദിനൂർ... ഈ നാടിന്റെ നന്മയ്ക്ക്. സ്നേഹത്തിന്..മറക്കാനാകാത്ത കലാരാത്രികൾക്ക്...
പൂരക്കളിയിൽ ഇഞ്ചോടിഞ്ച്
പൂരക്കളിയിൽ വിധി നിർണയം അതികഠിനമെന്നു വിധികർത്താക്കൾ. വൻകളികൾ കളിച്ചു കളത്തിൽ നിറഞ്ഞാടുകയായിരുന്നു ടീമുകൾ.ഹയർസെക്കൻഡറി വിഭാഗത്തിൽ ആതിഥേയരായ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളുമാണു സംസ്ഥാനതലത്തിലേക്കു യോഗ്യത നേടിയത്. ഉദുമയിലെ മുൻ എംഎൽഎയും പൂരക്കളി അക്കാദമി ചെയർമാനുമായ കെ.കുഞ്ഞിരാമനും ചലച്ചിത്രനടനും നാട്ടുകാരനുമായ പി.പി.കുഞ്ഞിക്കൃഷ്ണനും സദസ്സിലുണ്ടായിരുന്നു.
അറബിക് പഠിക്കാതെ അറബിപ്പാട്ടിൽ തുടരെ വിജയംകുറിച്ച് വൈഗ
പി.ആർ.വൈഗ അറബിക് പഠിച്ചിട്ടില്ല. എന്നാൽ അറബിപ്പാട്ടുകൾ നന്നായി വഴങ്ങും. തുടർച്ചയായ രണ്ടാം വർഷമാണ് എച്ച്എസ് വിഭാഗം അറബിക് പദ്യം ചൊല്ലലിൽ സംസ്ഥാനതല മത്സര യോഗ്യത നേടുന്നത്. ആർയുഇഎംഎച്ച്എസ് തുരുത്തിയിലെ 9ാം ക്ലാസ് വിദ്യാർഥിനിയാണ്. ലളിതഗാനം, ശാസ്ത്രീയ സംഗീതം, സംഘഗാനം എന്നിവയിൽ രണ്ടാം സ്ഥാനവും ഈ കൊച്ചുമിടുക്കിക്കുണ്ട്. ചേച്ചി പി.ആർ.അനാമിക മുൻപു സ്ഥിരമായി വിജയിച്ചിരുന്ന മത്സരയിനമാണ് ഇവയെല്ലാം.
അറബി പ്രധാനഭാഷയായി പഠിക്കാത്ത വൈഗ, സ്കൂളിലെ ഫൗസിയ ടീച്ചറുടെ നിർബന്ധത്തിനു വഴങ്ങിയാണ് അറബിയിൽ ഒരുകൈ നോക്കിയത്. ടീച്ചറുടെ പ്രോത്സാഹനവും വൈഗയുടെ പരിശ്രമവുമാണു വിജയമൊരുക്കിയതെന്ന് ഇതേ സ്കൂളിലെ പ്രധാനാധ്യാപികയും വൈഗയുടെ അമ്മയുമായ സീന പറയുന്നു. പാട്ടുകാരനും ബെവ്കോ ജീവനക്കാരനുമായ രവീന്ദ്രനാണു പിതാവ്.
ഉപകരണസംഗീതത്തിൽ കുട്ടമത്തിന്റെ 3 കുട്ടികൾ
മഹാകവി കുട്ടമത്ത് സ്മാരക ഗ്രന്ഥാലയത്തിന്റെ കീഴിലുള്ള സംഗീത ഉപകരണ പരിശീലന ക്ലാസിലെ മൂന്നുപേർ സംസ്ഥാന മത്സരത്തിലേക്ക്. ഹയർസെക്കൻഡറി വിഭാഗം ഗിത്താറിൽ (പാശ്ചാത്യം) എ.കാർത്തികും ഓടക്കുഴലിൽ ടി.ഋതുനന്ദും ഹൈസ്കൂൾ വിഭാഗം ഓടക്കുഴലിൽ എം.വസുദേവുമാണു ജില്ലയിൽ ഒന്നാമതെത്തിയത്. കാർത്തിക് ഇതു മൂന്നാം തവണയാണ് സംസ്ഥാനത്തു മത്സരത്തിനെത്തുന്നത്. മൂവരും കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
ഇംഗ്ലിഷ് സ്കിറ്റ് കീഴടക്കി രതീഷ് രംഗന്റെ ശിഷ്യർ
ഇംഗ്ലിഷ് സ്കിറ്റിൽ തിളങ്ങി രതീഷ് രംഗന്റെ ശിഷ്യർ. യുപി വിഭാഗത്തിൽ നെല്ലിക്കാൽ ദേവസ്വം പബ്ലിക് സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ കൊടക്കാട് കെഎംവിഎച്ച്എസ് എന്നിവർ ഒന്നും ഹയർസെക്കൻഡറി വിഭാഗത്തിൽ ഉദിനൂർ ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പ്രകാശൻ കരിവെള്ളൂരാണ് രചന. കേരള സർവകലാശാലയുടെ തിയറ്റർ കോഴ്സ് ഒന്നാം റാങ്കോടെ പാസായ രതീഷ്, കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്.